കാസര്‍കോട്ട് സാഹിത്യത്തിന്റെ ഉത്സവക്കൊടിയേറും; കാസര്‍കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം ചെയ്തു: ഉത്തരദേശം മീഡിയാ പാര്‍ട്ണര്‍

Update: 2025-02-13 09:58 GMT

കാസര്‍കോട്: ഉത്തരമലബാറില്‍ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ പുത്തന്‍ കയ്യൊപ്പ് ചാര്‍ത്താനായി സംഘടിപ്പിക്കപ്പെടുന്ന കാസര്‍കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (കെ-ലിറ്റ്) ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഫെസ്റ്റിവലിന് നഗരസഭയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അടക്കമുള്ളവരുടെ നിറഞ്ഞ സാന്നിധ്യം, ഇത്തരമൊരു ഫെസ്റ്റിവല്‍ കാസര്‍കോട് ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായി മാറുകയായിരുന്നു . 51 വര്‍ഷം മുമ്പ്, 1974 ഫെബ്രുവരിയില്‍ കാസര്‍കോട്ട് നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഐതിഹാസികമായ സമ്മേളനത്തെ സ്മരിച്ചുകൊണ്ടാണ് ചടങ്ങില്‍ സംസാരിച്ച പലരും കെ ലിറ്റിനെ സ്വാഗതം ചെയ്തത്. ഉത്തരദേശം ദിനപത്രം കെ ലിറ്റിന്റെ മീഡിയാ പാര്‍ട്ണറാണ്.


പ്രമുഖര്‍ അണിനിരന്ന സാഹിത്യ-സാംസ്‌കാരിക ഉത്സവങ്ങള്‍ കാസര്‍കോട്ട് നിരവധി തവണ അരങ്ങേറിയിട്ടുണ്ടെങ്കിലും നഗരം ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഒരുങ്ങുന്നത് ഇതാദ്യാമാണ്. ഏപ്രില്‍ അവസാന വാരത്തില്‍ പുലിക്കുന്നിലാണ് കെ ലിറ്റ് അരങ്ങേറുകയെന്ന് സംഘാടകര്‍ വ്യക്തമാക്കി. വൈവിധ്യങ്ങളുടെ കലവറ എന്ന പേരില്‍ അരങ്ങേറുന്ന ഫെസ്റ്റിവലില്‍ കാസര്‍കോടിന്റെ വിവിധങ്ങളായ സംസ്‌കാരങ്ങളുടെ കലവറ തുറക്കപ്പെടും. സാഹിത്യ ചര്‍ച്ചകള്‍ക്ക് പുറമെ സിനിമ, നാടകം, ഭക്ഷണം, ആരോഗ്യം, ഡിജിറ്റല്‍ മേഖല, ഓട്ടോ മൊബൈല്‍ തുടങ്ങിയ വിവിധയിനങ്ങളില്‍ സംവാദങ്ങളുണ്ടാവും.

റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഹരീഷ് പന്തക്കല്‍ ആമുഖഭാഷണം നടത്തി. മധൂര്‍ ഷെരീഫ് സ്വാഗതം പറഞ്ഞു. സന്തോഷ് സക്കറിയ കെ ലിറ്റിനെ കുറിച്ച് വിവരിച്ചു. നഗരസഭാംഗങ്ങളായ കെ.എം ഹനീഫ്, വിമല ശ്രീധരന്‍, ഉത്തരദേശം കണ്‍സല്‍റ്റിങ്ങ് എഡിറ്റര്‍ കെ. ബാലകൃഷ്ണന്‍, ടി.എ ഷാഫി, കാസര്‍കോട് ചിന്ന, എ.എസ് മുഹമ്മദ്കുഞ്ഞി, അബു ത്വാഇ, മുജീബ് അഹ്‌മദ്, പി. ദാമോദരന്‍, എ.കെ ശ്യാംപ്രസാദ്, അഷ്റഫലി ചേരങ്കൈ, കെ.എം അബ്ബാസ്, ടി.വി ഗംഗാധരന്‍, സുബിന്‍ ജോസ് പ്രസംഗിച്ചു.പി.ഇ.എ റഹ്‌മാന്‍ പാണത്തൂര്‍ നന്ദി പറഞ്ഞു.



Similar News