വനാതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും -വനം വകുപ്പ് മന്ത്രി

അടുത്ത ആര്‍.ആര്‍.ടി ഓഫീസ് കാസര്‍കോടിന്;

By :  Sub Editor
Update: 2025-01-31 11:09 GMT

വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷനില്‍ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു

കാസര്‍കോട്: ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ ആര്‍.ആര്‍. ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആര്‍.ആര്‍.ടി കാസര്‍കോട് ജില്ലയ്ക്ക് ആയിരിക്കും. അതിനായി ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വനമേഖലയിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് 640 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷനില്‍ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതും ഹൃസ്വകാല അടിസ്ഥാനത്തിലുള്ളതുമായ പദ്ധതികള്‍ നടപ്പിലാക്കും- മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ പ്രതീക് ജയിന്‍ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി, വാര്‍ഡ് മെമ്പര്‍ മോന്‍സി ജോയ്, എ. അപ്പുക്കുട്ടന്‍, എം.പി ജോസഫ്, എന്‍. പുഷ്പരാജന്‍, ബെന്നി നാഗമറ്റം, എ.സി.എ ലത്തീഫ്, ജോസ് കാക്കകൂടുങ്കല്‍, മത്തായി അനുമുറ്റം, കെ.ടി സക്കറിയ, കെ.സി മുഹമ്മദ് കുഞ്ഞി, നന്ദകുമാര്‍, ജോര്‍ജ്ജ്കുട്ടി തോമസ്, ജെറ്റോ ജോസഫ്, സണ്ണി അരുമന, കെ.എസ് മണി, വി.കെ രമേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. രതീശന്‍, വെള്ളരിക്കുണ്ട് താഹസില്‍ദാര്‍ പി.വി മുരളി തുടങ്ങിയവര്‍ സംസാരിച്ചു.


Similar News