കാഞ്ഞങ്ങാടിന്റെ സമീപപ്രദേശങ്ങളില്‍ പുലികളെ കാണുന്നത് പതിവാകുന്നു
പുലിയുടെ ആക്രമണത്തില്‍ നിന്ന് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്;
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സമീപപ്രദേശങ്ങളില്‍ പുലികളെ കാണുന്നത് പതിവാകുന്നു. മടിക്കൈ, വാഴക്കോട്, നെല്ലിയടുക്കം, വെള്ളൂട, കാരാക്കോട്, ചുണ്ട, പച്ചക്കുണ്ട്, തോട്ടിനാട്ട്, ഏച്ചിക്കാനം തുടങ്ങിയ പ്രദേശങ്ങളില്‍ പുലികളെ കണ്ടതായാണ് പലരും പറയുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഓട്ടോഡ്രൈവര്‍ തായങ്കടയിലെ കുഞ്ഞിരാമനും ബന്ധുക്കളായ രണ്ട് സ്ത്രീകളും പുലിയെ കണ്ടു. ഇവര്‍ സഞ്ചരിച്ച ഓട്ടോക്ക് കുറുകെ ഓടിയ പുലി തായങ്കടയിലെ ദാമോദരന്റെ വീട്ടുമതിലില്‍ ചാടിക്കയറുകയായിരുന്നു. ഏറെ നേരം മതിലിന് മുകളില്‍ ഇരുന്ന പുലി പിന്നീട് ഇറങ്ങി കാട്ടിലേക്ക് മറഞ്ഞു. ശനിയാഴ്ച രാവിലെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ വാഴക്കോട് കക്കട്ടില്‍ ചന്ദ്രന്‍ ടാപ്പിംഗിനിടെ പുലിയെ കണ്ടതായി വെളിപ്പെടുത്തി. പാറക്കെട്ടിന് മുകളില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പത്തിലേറെ തവണ പുലിയെ കണ്ടെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. എല്ലാ സ്ഥലങ്ങളിലും കാണുന്നത് ഒരേ പുലിയാണെന്നാണ് സംശയിക്കുന്നത്.സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ പുലിയുടെ സാന്നിധ്യം മൂലം ഭയപ്പാടിലാണ്.
കൊളത്തൂര്‍ കരക്കയടുക്കത്തും പുലിയിറങ്ങി
കുണ്ടംകുഴി: കൊളത്തൂര്‍ കരക്കയടുക്കം പ്രദേശങ്ങളില്‍ ഇന്നലെ പുലിയിറങ്ങിയതായുള്ള വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. ചെങ്കല്‍ പണയുടെ സമീപം നായകളുടെ തല കണ്ടതോടെയാണ് പുലിയിറങ്ങിയതായുള്ള സംശയം ഉയര്‍ന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ അന്വേഷണം തുടങ്ങി. പരിശോധനയില്‍ പുലിയുടെ ആക്രമണത്തിലാണ് നായകള്‍ കൊല്ലപ്പെട്ടതെന്നും സമീപത്ത് നിന്ന് നായകള്‍ കുടലുള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനാല്‍ പുലി സാന്നിധ്യം സ്ഥിരികരിച്ചിരിക്കയാണ്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.