പ്രകാശനത്തിന് മുമ്പെ 500 ഓളം കോപ്പികള്‍ വിറ്റഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകന്റെ പുസ്തകം
'ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍' പുസ്തകപ്രകാശനം 6ന്;
കാസര്‍കോട്: പ്രകാശനത്തിന് മുമ്പെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടും 500 ഓളം കോപ്പികള്‍ വിറ്റഴിഞ്ഞും കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകന്റെ പുസ്തകം. സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം കടന്നുവന്ന പ്രതിലോമ വഴികളെ കുറിച്ച് ദീര്‍ഘകാലത്തെ പഠനത്തിന് ശേഷം കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടറിയും മാധ്യമം കാസര്‍കോട് ചീഫ് റിപ്പോര്‍ട്ടറുമായ രവീന്ദ്രന്‍ രാവണേശ്വരം എഴുതിയ 'ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍' എന്ന പുസ്തകമാണ് വായനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായത്. ആര്‍.എസ്.എസിന്റെ ആരംഭവും ഇന്നത്തെ രീതിയിലുള്ള വളര്‍ച്ചയ്ക്ക് പിന്നിലെ കളികളും പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 500 ഓളം പേജുകളുള്ള പുസ്തകത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് അവതാരിക എഴുതിയത്. രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ മൂന്നാമത്തെ പുസ്തകമാണിത്. ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള കാവി പശു, മഡെ മഡെ സ്‌നാന എന്നീ പുസ്തകങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 'ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍' കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 6ന് തിങ്കളാഴ്ച പ്രകാശനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്ക് കാസര്‍കോട് പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ എഴുത്തുകാരനും മാധ്യമം മുന്‍ പീരിയോഡിക്കല്‍ എഡിറ്ററുമായ പി.കെ പാറക്കടവ് പ്രകാശനം നിര്‍വഹിക്കും. ഇ. പത്മാവതി ഏറ്റുവാങ്ങും. ഡോ. സി. ബാലന്‍ പുസ്തക പരിചയം നടത്തും. കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ. അബ്ദുല്‍ റഹ്മാന്‍, ടി.എ ഷാഫി, അസീസ് കടപ്പുറം, പി. ദാമോദരന്‍, ഷെരീഫ് കുരിക്കള്‍, എ.എസ് മുഹമ്മദ്കുഞ്ഞി, അബു ത്വാഈ, അഷ്‌റഫലി ചേരങ്കൈ പ്രസംഗിക്കും. രവീന്ദ്രന്‍ രാവണേശ്വരം മറുമൊഴി നടത്തും. പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രദീപ് നാരായണന്‍ സ്വാഗതം പറയും.