എത്ര മനോഹരം, ഹൃദ്യം; ഉത്തരമലബാറിലെ ടൂറിസ്റ്റ് സ്‌പോട്ടുകള്‍...
കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന നോര്‍ത്ത് മലബാര്‍ ട്രാവല്‍ ബസാറിന്റെ രണ്ടാമത് എഡിഷനില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ജില്ലയിലെ വിവിധ സംരംഭങ്ങള്‍ സന്ദര്‍ശിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല മാം ഗ്രോവ് വൈബ്സില്‍ കയാക്കിംഗും കണ്ടല്‍ കാടിലേക്കുള്ള ബോട്ടിംഗും സംഘം ആസ്വദിച്ചു. പടന്നയിലെ ഫിഷ് കൗണ്ടി റെസ്റ്റോറന്റും ഒഴിഞ്ഞ വളപ്പിലെ മലബാര്‍ ഓഷ്യന്‍ ഫ്രണ്ട് ആന്റ് സ്പാ റിസോര്‍ട്ടും നീലേശ്വരം ഹെര്‍മിറ്റേജ് റിസോര്‍ട്ടും സന്ദര്‍ശിച്ച ശേഷം സംഘം ബേക്കലിലേക്ക് തിരിച്ചു. ബേക്കല്‍ ഫോര്‍ട്ടും താജ് ഗേറ്റ്‌വെ റിസോര്‍ട്ടും ബേക്കല്‍ ബീച്ച് പാര്‍ക്കും സംഘം സന്ദര്‍ശിച്ചു.
നോംടോ കാസര്‍കോട് ഘടകം ചെയര്‍മാന്‍ കെ.സി ഇര്‍ഷാദ്, എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ. കെ. ശ്യാംപ്രസാദ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് മുന്‍ പ്രസിഡണ്ട് സി.വി. ദീപക്ക്, നോംടോ വൈസ് പ്രസിഡണ്ട് ആര്‍ക്കിടെക്റ്റ് മധുകുമാര്‍, സന്തോഷ് അയനം, ടൂര്‍ ഗൈഡ് സത്യന്‍, ജലീല്‍ കക്കണ്ടം, ഒ.കെ മഹ്മൂദ്, കെ.കെ. ലത്തീഫ്, വി.കെ.പി. ഇസ്മായില്‍ ഹാജി, അനസ് മുസ്തഫ, സൈഫുദ്ദീന്‍ കളനാട് എന്നിവര്‍ യാത്രാ സംഘത്തെ അനുഗമിച്ചു. വൈവിധ്യവും ആകര്‍ഷകവും ഒത്തുചേര്‍ന്ന അനന്തമായ ടൂറിസം സാധ്യതകളാണ് ഉത്തരമലബാറിലുള്ളതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു.