ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സചിതാ റൈയ്‌ക്കെതിരെ വീണ്ടും കേസ്

By :  Sub Editor
Update: 2024-12-17 10:29 GMT

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഷേണി ബല്‍ത്തക്കല്ലിലെ സചിതാറൈക്കെതിരെ വീണ്ടും കേസ്.

കുഡ്ലു രാംദാസ് നഗറിലെ യുവതിയുടെ പരാതിയിലാണ് സചിതാറൈക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. 2022 ഡിസംബര്‍ 19 മുതല്‍ 2024 ജൂലൈ 14 വരെ കാലയളവില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ക്ലര്‍ക്കായും കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായും ജോലി വാഗ്ദാനം ചെയ്ത് 13.26 ലക്ഷം രൂപ വാങ്ങിയതിന് ശേഷം വാഗ്ദാനം ചെയ്ത ജോലി നല്‍കാതെയും പണം തിരിച്ചു നല്‍കാതെയും ചതിച്ചെന്നാണ് പരാതി.

മറ്റു കേസുകളില്‍ അറസ്റ്റിലായി ജയിലിലുള്ള അധ്യാപിക കൂടിയായ സചിതക്കെതിരെ 20 കേസുകളാണ് ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി പേരാണ് സചിതാറൈയുടെ തട്ടിപ്പിനിരയായത്.

ബാഡൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപികയായിരുന്ന സചിതാറൈ തന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കമുള്ളവരില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു.

സചിതാറൈക്കെതിരെ ഏറ്റവും കൂടുതല്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ബദിയടുക്ക പൊലീസ് സ്റ്റേഷനിലാണ്. സചിതയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ഉഡുപ്പിയിലെ രണ്ടുപേരെക്കുറിച്ച് കൂടി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണമൊന്നും നടന്നിട്ടില്ല.

Similar News