ജില്ലാ പൊലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെയും അനുമോദിച്ചു
കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ എന്നിവരെ പൂച്ചക്കാട് ഗഫൂര്‍ ഹാജി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പൂച്ചെണ്ട് നല്‍കി അനുമോദിക്കുന്നു
കാസര്‍കോട്: നെയ്യാറ്റിന്‍കരയിലെ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കുന്നതിന് മികച്ച രീതിയില്‍ കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയ ഇപ്പോഴത്തെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ എന്നിവരെ പൂച്ചക്കാട് ഗഫൂര്‍ ഹാജി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പൂച്ചെണ്ട് നല്‍കി അനുമോദിച്ചു.
പാറശാലയിലെ ഷാരോണ്‍ കൊല്ലപ്പെടുമ്പോള്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയായിരുന്ന ഡി. ശില്‍പയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണായിരുന്നു അന്വേഷണ ചുമതല. പൂച്ചക്കാട് ഗഫൂര്‍ ഹാജി വധക്കേസ് അന്വേഷിച്ചതും ജോണ്‍സണാണ്.
18 മാസം ഇഴഞ്ഞു നീങ്ങിയ കേസില്‍ ജോണ്‍സന്‍ അന്വേഷണം ഏറ്റെടുത്ത് 43 ദിവസത്തിനകം 4 പ്രതികളെ അറസ്റ്റ് ചെയ്ത് റിമാണ്ടിലാക്കുകയായിരുന്നു.
ഗഫൂര്‍ ഹാജി വധക്കേസ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹസ്സൈനാര്‍ ആമു ഹാജി, കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍ സിദ്ദിഖ് പള്ളിപ്പുഴ, ബഷീര്‍ പൂച്ചക്കാട്, കെ.എസ് മുഹാജിര്‍, ഷെരീഫ് ഹാജി, അഹമ്മദ് മുസമില്‍ എന്നിവര്‍ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തി എസ്.പിയെയും ഡി.വൈ.എസ്.പിയെയും പൂച്ചെണ്ട് നല്‍കി ആദരിക്കുകയായിരുന്നു.