ക്രിസ്തുമസ്-പുതുവത്സരം: എക്‌സൈസ് പരിശോധന കടുപ്പിച്ചു; വിവിധ ഭാഗങ്ങളില്‍ ലഹരി വേട്ട
കാസര്‍കോട്: ക്രിസ്തുമസ്, പുതുവത്സരം അടുത്ത സാഹചര്യത്തില്‍ ലഹരിക്കടത്ത് തടയാന്‍ എക്‌സൈസ് പരിശോധന വ്യാപിപ്പിച്ചു. ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മദ്യവും കഞ്ചാവും പിടികൂടി. എക്‌സൈസ് ഐ.ബി. പ്രിവന്റിവ് ഓഫീസര്‍ ഇ.കെ. ബിജോയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ചെര്‍ക്കളയില്‍ നടത്തിയ പരിശോധനയില്‍ 5.67 ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. കാസര്‍കോട് എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എ.വി. രാജീവനും സംഘവുമാണ് പരിശോധന നടത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷിച്ച് വരുന്നു.
നീലേശ്വരം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. വൈശാഖും സംഘവും തൃക്കരിപ്പൂര്‍ കൊയോങ്കരയില്‍ നടത്തിയ പരിശോധനയില്‍ 12 ഗ്രാം കഞ്ചാവുമായി ബിഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. ബിഹാര്‍ അരാരിയ ദുമാരിയയിലെ ഗഫാര്‍ അന്‍സാരി (26)നെ അറസ്റ്റ് ചെയ്തു.
നീലേശ്വരം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ വെസ്റ്റ് എളേരി കോട്ടമലയില്‍ 40 ലിറ്റര്‍ വാഷ് കണ്ടെത്തി. പ്രതിയെ അന്വേഷിച്ച് വരുന്നു.
ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാജീവനും സംഘവും വെള്ളരിക്കുണ്ട് വണ്ണാലക്കുന്നില്‍ നടത്തിയ പരിശോധനയില്‍ 40 ലിറ്റര്‍ വാഷ് കണ്ടെത്തി. പ്രതിയെ കണ്ടെത്താനായില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നു.