ഓട്ടോഡ്രൈവറുടെ ആത്മഹത്യ: എസ്.ഐയെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

By :  Sub Editor
Update: 2024-12-07 10:33 GMT

കാസര്‍കോട്: ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ മനംനൊന്ത് ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നേരിടുന്ന എസ്.ഐയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു. എസ്.ഐ പി. അനൂബില്‍ നിന്നാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസ് മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുത്തത്.

ഒക്ടോബര്‍ ഏഴിന് വൈകിട്ട് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഓട്ടോഡ്രൈവര്‍ മംഗളൂരു സ്വദേശിയായ കെ. അബ്ദുല്‍ സത്താറിനെ(60) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട് ടൗണ്‍ എസ്.ഐയായിരുന്ന പി. അനൂബ് ഗതാഗതനിയമലംഘനം ആരോപിച്ച് അബ്ദുല്‍ സത്താറിന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി തവണ സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും ഓട്ടോറിക്ഷ വിട്ടുകൊടുക്കാതിരുന്നതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. മരണത്തിന് മുമ്പ് തന്റെ ആത്മഹത്യക്കുള്ള കാരണം വ്യക്തമാക്കി അബ്ദുല്‍ സത്താര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

എസ്.ഐക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതായിരുന്നു വീഡിയോ. ഇതോടെ കാസര്‍കോട് നഗരത്തിലെ ഓട്ടോഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധം ശക്തമായതോടെ ആരോപണവിധേയനായ എസ്.ഐയെ സസ്പെന്റ് ചെയ്യുകയും തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയുമായിരുന്നു. അബ്ദുല്‍ സത്താറിന്റെ മംഗളൂരുവിലുള്ള ബന്ധുക്കളുടെയും കാസര്‍കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെയും സുഹൃത്തുക്കളുടെയും മൊഴികള്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. അബ്ദുല്‍ സത്താറിന്റെ വീഡിയോ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കാനായി ക്രൈംബ്രാഞ്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫേസ്ബുക്ക് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Similar News