റെയില്‍വെ ട്രാക്കില്‍ കല്ലുവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു; കുട്ടികള്‍ക്ക് ബോധവല്‍ക്കരണവുമായി അധികൃതര്‍

By :  Sub Editor
Update: 2025-01-02 10:33 GMT

റെയില്‍വെ ട്രാക്ക് സുരക്ഷയുടെ ഭാഗമായി കാസകോട് റെയില്‍വെ പൊലീസും കുമ്പള ജനമൈത്രി പൊലീസും സംയുക്തമായി മൊഗ്രാല്‍ കെ.എസ് അബ്ദുല്ല സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി

മൊഗ്രാല്‍: മൊഗ്രാല്‍ പരിസരങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ കല്ലുവെക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണവുമായി കാസര്‍കോട് റെയില്‍വെ പൊലീസും കുമ്പള ജനമൈത്രി പൊലീസും രംഗത്തെത്തി. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൊഗ്രാല്‍ കെ.എസ് അബ്ദുല്ല സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കം കുറിച്ചു. രക്ഷിതാക്കള്‍ക്ക് മക്കളിലുള്ള ജാഗ്രതാ കുറവാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ പെട്ടുപോകുന്നതെന്ന് കാസര്‍കോട് റെയില്‍വെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ റജികുമാര്‍ എം. പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ് സി.കെ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. തുടരെ രണ്ട് ദിവസങ്ങളിലായി ട്രാക്കില്‍ കല്ലുവെച്ച നിലയില്‍ കണ്ടിരുന്നു. ഇതേതുടര്‍ന്ന് റെയില്‍വെ പൊലീസും ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. റെയില്‍വെ പൊലീസ് അന്വേഷണവും നടത്തിയിരുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തിയാല്‍ കിട്ടാവുന്ന ശിക്ഷ അടക്കമുള്ള കാര്യങ്ങള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എം. മാഹിന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പള്‍ വേദാവതി, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Similar News