ടെണ്ടര്‍ നടപടികളായി; ബാവിക്കര ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

By :  Sub Editor
Update: 2024-11-26 10:44 GMT

ബോവിക്കാനം: മുളിയാര്‍ ബാവിക്കര ടൂറിസം പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നുംസി.എച്ച് കുഞ്ഞമ്പു എം. എല്‍.എ അറിയിച്ചു.  4.007 കോടി രൂപയ്ക്ക് തിരുവനന്തപുരത്തുള്ള ബാങ്കേഴ്‌സ് കണ്‍സ്ട്രക്ഷനാണ് പ്രവൃത്തി ടെണ്ടര്‍ ഏറ്റെടുത്തത്. മുളിയാര്‍ പഞ്ചായത്തില്‍ ബാവിക്കര കുടിവെള്ള പദ്ധതിയുടെ റഗുലേറ്റര്‍ സൈറ്റുമായി ബന്ധപ്പെട്ട പ്രദേശത്താണ് പദ്ധതി വരുന്നത്. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചിരുന്നു. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഇരിപ്പിടം, നടപ്പാത, ശൗചാലയം, പാര്‍ക്കിങ് ഏരിയ, ബോട്ടുയാത്ര എന്നിവയാണ് ആദ്യഘട്ട നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാംഘട്ടത്തില്‍ ബാവിക്കരയില്‍ നിന്ന് ചെമ്മനാട് പഞ്ചായത്തുമായി ബന്ധപ്പെുടുന്ന തരത്തില്‍ ഗ്ലാസ് ബ്രിഡ്ജും വിഭാവനം ചെയ്യുന്നു. ടൂറിസം മേഖലയില്‍ വിവിധ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തി പരിചയസമ്പത്തുള്ള ടൂറിസം വകുപ്പിന്റെ അക്രഡിറ്റഡ് ഏജന്‍സി ലിസ്റ്റില്‍പ്പെട്ട ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. നിര്‍മാണ പ്രവൃത്തി ആരംഭിച്ച് ആറ് മാസത്തിനകം പൂര്‍ത്തീകരിക്കും.

Similar News