അദാലത്തില്‍ പരാതി തീര്‍പ്പാക്കി; പക്ഷെ ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ലെന്ന് പരാതി; കലക്ടറേറ്റ് പടിക്കല്‍ ഇസ്മായിലിന്റെ സമരം

By :  Sub Editor
Update: 2025-01-28 10:43 GMT

കലക്ടറേറ്റ് പരിസരത്ത് സമരം നടത്തുന്ന ഇസ്മായില്‍

കാസര്‍കോട്: മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ സ്ഥലത്തിന്റെ നികുതി അടവുമായി ബന്ധപ്പെട്ട പരാതിയില്‍ അനുകൂല നടപടിയുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം തീരുമാനം നടപ്പിലാക്കുന്നില്ലെന്ന് ആരോപണം. സര്‍ക്കാര്‍ തീരുമാനം ജില്ലാ ഭരണകൂടം അട്ടിമറിച്ചെന്നാരോപിച്ച് കാസര്‍കോട് തെക്കില്‍ വില്ലേജിലെ ബി.എ ഇസ്മായില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം ഒമ്പത് ദിവസം പിന്നിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇസ്മായിലിന്റെ ഉമ്മ യു.ബി ആയിഷക്ക് അനുവദിച്ച ഒരേക്കര്‍ പട്ടയ ഭൂമിയില്‍ നിന്ന് പത്ത് സെന്റ് ഭൂമി ഇസ്മായിലിന് നല്‍കിയിരുന്നു. ഈ ഭൂമിയില്‍ നിന്നുള്ള നികുതിയാണ് വില്ലേജ് അധികാരികള്‍ സ്വീകരിക്കാതിരുന്നത്. പ്രസ്തുത ഭൂമി ഇസ്മായില്‍ കയ്യേറിയതാണെന്നും സര്‍ക്കാര്‍ ഭൂമിയാണെന്നും കാട്ടി 2019ല്‍ റവന്യൂ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. അന്നത്തെ ഭൂരേഖാ തഹസില്‍ദാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. മേല്‍പ്പറമ്പ പൊലീസ് ഇസ്മായിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതി വരെയെത്തിയ കേസില്‍ ഒടുവില്‍ തീര്‍പ്പുണ്ടായി.

ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ ഇസ്മായില്‍ അപ്പീല്‍ നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍, ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശ പ്രകാരം പരിശോധിച്ചതിന് ശേഷം ഒരേക്കര്‍ ഭൂമിയില്‍ ആയിഷക്ക് അവകാശമുണ്ടെന്നും ഇസ്മായിലിനെതിരെ നടപടി സ്വീകരിക്കരുതെന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്ന് അനുകൂലനടപടി ഉണ്ടായിട്ടും ചില ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം നികുതി സ്വീകരിച്ചില്ലെന്നാണ് ഇസ്മായിലിന്റെ ആരോപണം. തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബറില്‍ മന്ത്രി വി. അബ്ദുറഹ്മാന് കരുതലും കൈത്താങ്ങും അദാലത്തില്‍ പരാതി നല്‍കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ലാന്‍ഡ് റെവന്യൂ കമ്മീഷ്ണറുടെയും ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച ശേഷം ഭൂമി ഇസ്മായിലിന് സ്വന്തമാണെന്നും ഭൂമിയിന്‍മേലുള്ള അവകാശം നല്‍കേണ്ടതും പോക്കുവരവ് നടത്തി റവന്യൂ രേഖകള്‍ കൈമാറേണ്ടതുമാണെന്ന് മന്ത്രി എഴുതി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിട്ടും ഇപ്പോഴും ഉദ്യോഗസ്ഥര്‍ നികുതി സ്വീകരിക്കുന്നില്ലെന്നാണ് ഇസ്മായിലിന്റെ പരാതി.

സത്യാഗ്രഹമിരിക്കുന്ന ഇസ്മായിലിനെ എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ സന്ദര്‍ശിച്ചു. വിഷയം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വിശദമായ പരാതി എഴുതി നല്‍കാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മന്ത്രി വി. അബ്ദുറഹിമാന് മുമ്പാകെ വിഷയം എ.കെ.എം അഷ്റഫ് എം.എല്‍.എ സൂചിപ്പിച്ചു. അദാലത്തില്‍ അനുകൂല തീരുമാനമെടുത്ത വിഷയത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് മന്ത്രി മറുപടി നല്‍കിയതായി എം.എല്‍.എ അറിയിച്ചു.


Similar News