ബസില്‍ കഞ്ചാവ് കടത്തിയ കേസില്‍ മാസ്തിക്കുണ്ട് സ്വദേശിക്ക് രണ്ടുവര്‍ഷം കഠിനതടവ്

By :  Sub Editor
Update: 2025-01-16 10:38 GMT

കാസര്‍കോട്: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിക്ക് കോടതി രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു.

മാസ്തിക്കുണ്ടിലെ അബൂബക്കര്‍ സിദ്ദീഖിനാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2019 ആഗസ്ത് 19ന് വൈകിട്ട് മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വെച്ച് എക്സൈസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അബൂബക്കര്‍ സിദ്ദീഖില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ബി മുരളീധരനും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. അന്നത്തെ കുമ്പള എക്സൈസ് ഇന്‍സ്പെക്ടറും ഇപ്പോഴത്തെ കാസര്‍കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായ ജോയ് ജോസഫാണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ചന്ദ്രമോഹന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.

Similar News