എഴുത്തിന്റെ 50 വര്‍ഷം : അംബികാസുതന്‍ മാങ്ങാടിന് സ്‌നേഹാദരവും പുസ്തക പ്രകാശനവും നാളെ
കാസര്‍കോട്: കഥയെഴുത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിന് ഹുബാഷികയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സ്‌നേഹാദരം നല്‍കുന്നു. ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നിരൂപകന്‍ ആഷാമേനോന്‍ ഉദ്ഘാടനം ചെയ്യും. 50 കഥകളുടെ സമാഹാരം എഴുത്തുകാരന്‍ റഫീഖ് ഇബ്രാഹിമിന് നല്‍കി ആഷാമേനോന്‍ പ്രകാശനം ചെയ്യും. സജയ് കെ.വി. മുഖ്യപ്രഭാഷണം നടത്തും. റഹ്‌മാന്‍ തായലങ്ങാടി, നാരായണന്‍ പേരിയ, ഡോ. ഇ. ഉണ്ണികൃഷ്ണന്‍, കെ.വി. മണികണ്ഠദാസ്, പദ്മനാഭന്‍ ബ്ലാത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കാസര്‍കോട് ഗവ. യു.പി. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ ജീവിതപ്രശ്‌നങ്ങള്‍ എന്നൊരു കഥയെഴുതിക്കൊണ്ടാണ് അംബികാസുതന്‍ മാങ്ങാട് എഴുത്തുജീവിതം ആരംഭിക്കുന്നത്. മലയാളം നെഞ്ചേറ്റിയ നിരവധി പരിസ്ഥിതിക്കഥകളുടെ കര്‍ത്താവാണ് അംബികാസുതന്‍ മാങ്ങാട്. ഒപ്പം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരമടക്കമുള്ള നിരവധി പരിസ്ഥിതി പോരാട്ടങ്ങളുടെ മുന്നണിപ്പടയാളിയുമാണ്. മനുഷ്യദുരിതങ്ങളെ ലോക ശ്രദ്ധയിലെത്തിച്ച എന്‍മകജെയും സാംസ്‌കാരികാധിനിവേശത്തിന്റെ ദൂരവ്യാപക ഫലങ്ങളെ പ്രവചിച്ച മരക്കാപ്പിലെ തെയ്യങ്ങളും പരിസ്ഥിതി നാശത്തെ വിളിച്ചു പറഞ്ഞ നീരാളിയനും രണ്ടു മത്സ്യങ്ങളും അംബികാസുതന്റെ കൃതികളാണ്. . ഉത്തരകേരളത്തിന്റെ അദൃശ്യ ചരിത്രത്തെ വിസ്മയകരമായി വരച്ചിട്ട അല്ലോഹലന്‍ കാതങ്ങള്‍ താണ്ടി വായിക്കപ്പെടുന്നു.മനുഷ്യകുലവും ജീവലോകവും തായ്മണ്ണും നേരിടുന്ന പ്രശ്നങ്ങളെ അംബികാസുതന്‍ മാങ്ങാട് എഴുത്തിനു വിഷയമാക്കുന്നു. നാട്ടു മനുഷ്യരും വീണുപോയ മനുഷ്യര്‍ക്ക് ഉയിര്‍പ്പു നല്‍കിയ തോറ്റംപാട്ടുകളും തെയ്യങ്ങളും ആ കഥാലോകത്തെ തിളക്കമുള്ളതാക്കുന്നു. തുളുനാടിന്റെ പറയപ്പെടാതെ പോയ ചരിതങ്ങളെ അത് വീണ്ടെടുക്കുന്നു.
പഠിപ്പിച്ചിരുന്ന കലാലയത്തില്‍ അംബികാസുതന്‍ മാഷ് തുടങ്ങിവെച്ച സാഹിത്യ വേദി മൂന്നുപതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. മലയാള കഥയിലും സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയരായ നിരവധി എഴുത്തുകാരെ രൂപപ്പെടുത്തിയെടുക്കാന്‍ സാഹിത്യ വേദി നിമിത്തമായിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അതിജീവനത്തിനും പുനരധിവാസത്തിനും സാഹിത്യ വേദി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓടക്കുഴല്‍ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം അംബികാസുതന്‍ മാങ്ങാടിനെ തേടിയെത്തിയിട്ടുണ്ട്.