നുള്ളിപ്പാടിയില്‍ നഗരസഭയുടെ 13 വീടുകള്‍ ഉടന്‍ പൂര്‍ത്തിയാവും

ഫയലുകള്‍ പൊടി തട്ടിയെടുത്തു; സര്‍ക്കാരും കനിഞ്ഞു,;

By :  Sub Editor
Update: 2025-01-10 10:38 GMT

കാസര്‍കോട്: 14 കുടുംബങ്ങള്‍ക്ക് തണലാകേണ്ട ആ കൊച്ചു വീടുകള്‍ 9 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ത്തീകരണത്തിന്റെ ഘട്ടത്തിലേക്കെത്തുന്നു. 2015ല്‍ ടി.ഇ അബ്ദുല്ല നഗരസഭാ ചെയര്‍മാനും അബ്ബാസ് ബീഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കാലയളവിലാണ് വീടില്ലാതെ ദുരിതം അനുഭവിക്കുന്ന അര്‍ഹരായ കുറച്ച് പേര്‍ക്കെങ്കിലും നഗരസഭാ ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. നുള്ളിപ്പാടി വാര്‍ഡിലെ ജെ.പി നഗറില്‍ സ്ഥലം കണ്ടെത്തുകയും രണ്ടര ലക്ഷം രൂപ വീതം ചെലവില്‍ 450 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 14 വീടുകളുടെയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഒരു വീട് പൂര്‍ത്തീകരിച്ച് നല്‍കി. മറ്റ് 13 വീടുകളുടെ കോണ്‍ക്രീറ്റടക്കം പൂര്‍ത്തിയായെങ്കിലും ടൈല്‍സ് പാകലും വൈദ്യുതീകരണവും ജനലുകളുടെ നിര്‍മ്മാണവും അടക്കം ബാക്കിയായി. പിന്നീട് നീണ്ട 9 വര്‍ഷം നിര്‍മ്മാണമൊന്നും നടന്നില്ല. ഒരു വര്‍ഷം മുമ്പ് അബ്ബാസ് ബീഗം നഗരസഭാ ചെയര്‍മാനായി ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ആദ്യം പറഞ്ഞ വാഗ്ദാനം ആശ്രയപദ്ധതിയില്‍ നുള്ളിപ്പാടി ജെ.പി നഗറില്‍ നിര്‍മ്മാണം പാതിവഴിക്ക് നിലച്ച വീടുകള്‍ പൂര്‍ത്തീകരിക്കുമെന്നാണ്. ഫയലുകള്‍ പൊടി തട്ടിയെടുത്ത് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ഒരേ പദ്ധതിക്ക് വീണ്ടും ഫണ്ട് അനുവദിക്കുന്നതിന് നിയമപരമായ തടസങ്ങളുള്ളതിനാല്‍ എങ്ങനെ പൂര്‍ത്തീകരിക്കും എന്ന ചിന്തയായി.

പല വഴികളും ആലോചിച്ചപ്പോഴാണ് ബാങ്കുകളിലെ നഗരസഭയുടെ അക്കൗണ്ടില്‍ 17 ലക്ഷം രൂപ പലിശയിനത്തില്‍ കിടക്കുന്നതായി കണ്ടത്. കുടുംബശ്രീയുടേതടക്കം വിവിധ ഫണ്ടുകള്‍ വന്നപ്പോള്‍ പലിശയായി കിടന്ന തുകയാണിത്. ഈ തുക ആശ്രയ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. ഇതിനായുള്ള ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി വഴിയാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. കുറച്ചുപേര്‍ക്കെങ്കിലും തലചായ്ക്കാനൊരിടം നല്‍കുന്ന നല്ലൊരു പദ്ധതിയായതിനാല്‍ പലിശത്തുകയായി ബാങ്കില്‍ കിടക്കുന്ന 17 ലക്ഷം രൂപ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടി. എന്നാല്‍ വീടുകള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ 20 ലക്ഷം രൂപയെങ്കിലും വേണം. ബാക്കിവേണ്ട 3 ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്ന് കണ്ടെത്താനാണ് തീരുമാനം.

വീടുകള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് മാസത്തോടെയെങ്കിലും ഗുണഭോക്താക്കള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളിലാണ് നഗരസഭയെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉത്തരദേശത്തോട് പറഞ്ഞു.

വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് വലിയ ആശ്രയമാവുമെന്ന് വാര്‍ഡ് അംഗം ശാരദ പറഞ്ഞു.

Similar News