കുട്ടികള്‍ക്ക് അനുഭവപ്പെട്ട ചൊറിച്ചില്‍ വൈറസ് മൂലമെന്ന് വ്യാജപ്രചരണം; അധ്യാപകര്‍ പരക്കംപാഞ്ഞു
വിനയായത് നെല്ലിമരത്തിലെ പുഴുക്കള്‍; സ്‌കൂളിന് അവധി നല്‍കി;
സ്‌കൂളിലെ നെല്ലിമരത്തില്‍ കണ്ടെത്തിയ പുഴുക്കള്‍
അധ്യാപകര്‍ പരിശോധന നടത്തുന്നു
മഞ്ചേശ്വരം: കുട്ടികള്‍ക്ക് അനുഭവപ്പെട്ട ചൊറിച്ചില്‍ വൈറസ് മൂലമെന്ന് വ്യാജ പ്രചരണം. അധ്യാപകര്‍ പരക്കം പാഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് മഞ്ചേശ്വരം എസ്.ടി.എ. സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടത്. ഇത് ആദ്യം കുട്ടികള്‍ കാര്യമാക്കിയില്ല. പിന്നീട് മറ്റു ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ചെറിച്ചില്‍ അനുഭവപ്പെട്ടതോടെ കുട്ടികള്‍ അധ്യാപകരോട് കാര്യം പറഞ്ഞു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ അധ്യാപകര്‍ പരക്കം പായുകയായിരുന്നു. ഇതിനിടെ ചൊറിച്ചിലിന് പിന്നില്‍ വൈറസ് ആണെന്ന അഭ്യൂഹം കുട്ടികളെയും അധ്യാപകരെയും പരിഭ്രാന്തിയിലാക്കി. സംഭവം നാട്ടില്‍ ചര്‍ച്ചാവിഷയമായതോടെ ഇന്നലെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തി.
കൂടുതല്‍ കുട്ടികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടതോടെ ചില ക്ലാസുകള്‍ക്ക് അധികൃതര്‍ അവധി നല്‍കി. അധ്യാപകര്‍ അരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികളെ പരിശോധിച്ചപ്പോള്‍ പുഴു ശരീരത്തില്‍ വീണതാണ് ചൊറിച്ചില്‍ അനുഭവപ്പെടാന്‍ കാരണമെന്ന് കണ്ടെത്തുകയും ചെയ്തു. പുഴു മരത്തില്‍ നിന്ന് വീണതാണെന്ന സംശയം അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചതോടെ കൃഷി വകുപ്പിനെ വിവരമറിയിച്ചു. കൃഷി വകുപ്പ് ഓഫീസര്‍ രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ സമീപത്തെ നെല്ലിക്കാ മരത്തില്‍ കമ്പിളി പുഴുവിനെ കണ്ടെത്തി. മരത്തില്‍ നിറയെ കമ്പിളി പുഴുവിനെ കണ്ട് അധ്യാപകരും കൃഷി വകുപ്പ് അധികൃതരും അമ്പരക്കുകയായിരുന്നു. പുഴുവിനെ കണ്ടത്തിയതോടെ കീടനാശിനി ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ ഇന്നലെ ഉച്ചക്ക് ശേഷവും ഇന്നും സ്‌കൂളിന് അവധി നല്‍കിയിട്ടുണ്ട്.