പാന്‍ 2.0 പദ്ധതി; പാന്‍ കാര്‍ഡ് മാറുമോ ? വീണ്ടും അപേക്ഷിക്കണോ?

ക്യൂ.ആര്‍ കോഡ് പതിപ്പിച്ച കാര്‍ഡ് നിര്‍ബന്ധമാക്കും

Update: 2024-11-26 10:08 GMT

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റി പാന്‍ 2.0 പദ്ധതിക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി എല്ലാ പാന്‍ കാര്‍ഡിലും ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമാക്കും. ബിസിനസ് സംരംഭങ്ങള്‍ക്ക് പൊതുതിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ആദായ നികുതി വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും ഇതിലൂടെ സാധിക്കും. നികുതി ദായകര്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഏകീകൃത പാന്‍ അധിഷ്ഠിത സംവിധാനം ഒരുക്കും. . 1435 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള പാന്‍കാര്‍ഡ് നമ്പര്‍ മാറ്റാതെ തന്നെ പുതിയ പാന്‍കാര്‍ഡിലേക്ക് മാറാനാവും. പുതിയ തീരുമാനത്തില്‍ രാജ്യത്തെ പൗരന്‍മാര്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ കാര്‍ഡ് കൈവശമുള്ളവര്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ല. രാജ്യത്തെ 78 കോടി പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യാതൊരു തുകയും ചിലവില്ലാതെ ക്യൂ.ആര്‍ കോഡ് പതിപ്പിച്ച പാന്‍ കാര്‍ഡ് നല്‍കും. നികുതി ദായകര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനും വ്യക്തികളുടെ വിവര സംരക്ഷണത്തിനുമാണ് പദ്ധതി പരിഗണന നല്‍കുന്നത്. ഇ-ഗവേണന്‍സ് രംഗത്തെ സുപ്രധാന ചുവടുവെപ്പായാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ നോക്കിക്കാണുന്നത്.

Similar News