ഫെങ്കല്‍ ഭീതിയില്‍ തമിഴ്‌നാട് ; രാത്രിയോടെ ശക്തിപ്രാപിച്ചേക്കും

സ്‌കൂളുകളും കോളേജുകളും അടച്ചു

Update: 2024-11-27 10:00 GMT

ഫെങ്കല്‍ ചുഴലിക്കാറ്റ് ഭീതിയില്‍ തമിഴ്നാട്. ചെന്നൈ തീരത്ത് നിന്ന് ഏകദേശം 670 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം ഇന്ന് രാത്രിയോടെ ശക്തിപ്രാപിക്കുമെന്ന് ഇന്ത്യന്‍ കാലവസ്ഥാ വകുപ്പ് അറിയിച്ചു. തീവ്ര ന്യൂന മര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി.അടുത്ത മൂന്ന് ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നവംബര്‍ 28നും 30നും ആന്ധ്രപ്രദേശിന്റെയും യാനത്തിന്റെയും തീരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുവരെ തമിഴ്‌നാട്ടില്‍ 19 സെ.മീ മഴയാണ് ലഭിച്ചത്. അതിശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാട് മയിലാടുംതുറൈയിലെ വീട് തകര്‍ന്നു. ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് സാധ്യത കണക്കിലെടുത്ത് വെള്ളം തടഞ്ഞ് നില്‍ക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കാന്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായതോ അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ട്.ചെന്നൈ, തിരുവള്ളുവര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, വില്ലുപുരം, അരിയലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്.

തിരുച്ചിറപ്പള്ളി, നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ നേരിടാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

Similar News