പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുസ്ലീംലീഗ് നേതാവ് ഹമീദ് പള്ളത്തടുക്ക പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജി;

Update: 2025-11-26 05:55 GMT

ബദിയടുക്ക: തിരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ മുസ്ലീംലീഗ് നേതാവ് ഹമീദ് പള്ളത്തടുക്ക പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജി. ബദിയടുക്ക പഞ്ചായത്ത് മുസ്ലീംലീഗ് വൈസ് പ്രസിഡണ്ട് സ്ഥാനവും പ്രാഥമിക അംഗത്വവുമാണ് രാജിവെച്ചത്. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ഏകാധിപത്യത്തിലും ചില നേതാക്കള്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും പഞ്ചായത്ത് കമ്മിറ്റിപോലും വിളിച്ച് ചേര്‍ക്കാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും ഇതില്‍ മനംനൊന്താണ് പാര്‍ട്ടിയുടെ ഭാരവാഹിത്വവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതെന്നുമാണ് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും നല്‍കിയ കത്തില്‍ ഹമീദ് പള്ളത്തടുക്ക പറയുന്നത്.

അതേസമയം രണ്ട് തവണ ഹമീദിനും ഒരു തവണ ഭാര്യക്കും മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നതായും ഇത്തവണയും സീറ്റ് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചതായും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്നുള്ള രാജി എന്നുമാണ് ഒരു ഭാരവാഹി പ്രതികരിച്ചത്.

പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ഹമീദ് ബദിയടുക്ക പഞ്ചായത്ത് ഒന്‍പതാം വാര്‍ഡായ ചാലക്കോട് നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. യു.ഡി.എഫിലെ കോണ്‍ഗ്രസില്‍ നിന്ന് രവീന്ദ്ര, ബി ജെ പി യിലെ മധുസുധന, എല്‍.ഡി.എഫ് സ്വതന്ത്രനായി രവികുമാര്‍ റൈ, അണ്ണ ഡെമോക്രറ്റിക് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ് മെന്റ് ഓഫ് ഇന്ത്യയുടെ സദാശിവയും മത്സര രംഗത്തുണ്ട്.

Similar News