മുളിയാര്‍ കടുമനയിലെ വീട്ടുമുറ്റത്ത് കാട്ടുപോത്ത്
കടുമനയിലെ ദാമോദര മണിയാണിയുടെ വീട്ടുമുറ്റത്താണ് കാട്ടുപോത്ത് എത്തിയത്;
മുള്ളേരിയ: മുളിയാര്‍ കടുമനയിലെ വീട്ടുമുറ്റത്ത് കാട്ടുപോത്ത്. ശനിയാഴ്ച രാവിലെ 7.30 മണിയോടെ കടുമനയിലെ ദാമോദര മണിയാണിയുടെ വീട്ടുമുറ്റത്താണ് കാട്ടുപോത്ത് എത്തിയത്. പ്രായം കൂടിയ കാട്ടുപോത്തിനെയാണ് കണ്ടത്. അതുകൊണ്ടുതന്നെ നടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വീട്ടുകാര്‍ ഒച്ചവെച്ചതോടെ പോത്ത് പിന്തിരിഞ്ഞു.
ഈ ഭാഗങ്ങളില്‍ കാട്ടുപോത്തുകളുടെ സാന്നിധ്യം കൂടിവരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും കാട്ടുപോത്തിന്റെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നതായും, കാട്ടുപോത്തിനെ കണ്ട് വാഹനങ്ങള്‍ ഗതിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പലപ്പോഴും അപകടങ്ങള്‍ സംഭവിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. രാത്രികാലങ്ങളിലാണ് കാട്ടുപോത്തിന്റെ സാന്നിധ്യം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു.