അഡൂരില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

കര്‍ണ്ണാടക മണ്ടക്കോലിലെ പ്രതാപിനെയാണ് ആദൂര്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്;

Update: 2025-09-10 04:54 GMT

ആദൂര്‍ : അഡൂരില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കര്‍ണ്ണാടക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ കുറത്തിമൂലയിലെ രേഖ(29)യെ കഴുത്തിന് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ കര്‍ണ്ണാടക മണ്ടക്കോലിലെ പ്രതാപിനെ(30)യാണ് ആദൂര്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന രേഖയെ പ്രതാപ് തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു.

യുവതി നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. കഴുത്തിന് സാരമായി പരിക്കേറ്റ നിലയില്‍ യുവതി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്. രേഖ ഭര്‍ത്താവില്‍ നിന്നുള്ള വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്ത വിവരമറിഞ്ഞ പ്രതാപ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചെങ്കിലും പ്രതാപ് വിവാഹാഭ്യര്‍ഥനയുമായി പിന്തുടര്‍ന്ന് ശല്യം ചെയ്തു.

ഇതോടെ രേഖ പ്രതാപ് നിരന്തരം ശല്യം ചെയ്യുന്നതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ യുവതിയെ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പ് നല്‍കിയ പ്രതാപ് വീണ്ടും ശല്യം തുടരുകയായിരുന്നു. സംഭവത്തില്‍ രേഖയുടെ പരാതിയില്‍ പ്രതാപിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഒളിവില്‍ പോയ പ്രതാപിനെ അഡൂര്‍ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

Similar News