അഡൂരില്‍ പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; കാണാതായ പത്തനംതിട്ട സ്വദേശിയുടേതാണെന്ന് സംശയം
വെള്ളച്ചേരി ഗുളികന്റെ മൂലയില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍തോട്ടത്തിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്;
ആദൂര്‍: അഡൂര്‍ വെള്ളച്ചേരിയില്‍ പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. വെള്ളച്ചേരി ഗുളികന്റെ മൂലയില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍തോട്ടത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ട്.
അസഹ്യമായ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. തൂങ്ങിമരിച്ചതാണെന്നാണ് സംശയിക്കുന്നത്. റബ്ബര്‍ മരക്കൊമ്പില്‍ ലുങ്കി കുരുക്കിയ നിലയില്‍ കാണപ്പെട്ടു. മൃതദേഹം അഴുകിയതിനാല്‍ ലുങ്കിയില്‍ നിന്ന് ഊര്‍ന്ന് താഴെ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പത്തനംതിട്ട സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. സമീപത്തെ ക്വാര്‍ട്ടേഴ് സില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി മുരളിയെ ഏഴ് ദിവസമായി കാണാനില്ലായിരുന്നു. മുരളിയുടെ ഫോണ്‍ ക്വാര്‍ട്ടേഴ് സിലുണ്ട്. ഇവിടെ ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ മുരളിയെ കാണാതായതുമായി ബന്ധപ്പെട്ട് ആരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ആദൂര്‍ പൊലീസ് മുരളിയുടെ പത്തനംതിട്ടയിലുള്ള ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുമെന്നാണ് പൊലീസ് കരുതുന്നത്.