ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി

അഡൂര്‍ ഉജംപാടി അല്‍ത്താജയിലെ മുഹമ്മദ് റിയാസിനെയാണ് കാണാതായത്;

Update: 2025-07-01 05:09 GMT

ആദൂര്‍: ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി. അഡൂര്‍ ഉജംപാടി അല്‍ത്താജയിലെ മുഹമ്മദ് റിയാസിനെ(25)യാണ് കാണാതായത്. കണ്ണൂര്‍ താനെയിലെ ഒരു സ്ഥാപനത്തില്‍ ഡെലിവറി ബോയി ആയി ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് മുഹമ്മദ് റിയാസ് ജൂണ്‍ 28ന് രാവിലെ ആറുമണിക്ക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. അതിന് ശേഷം യാതൊരു വിവരവും ലഭിച്ചില്ല.

റിയാസിന്റെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. റിയാസ് രണ്ടുമാസം മുമ്പ് വിദേശത്തേക്ക് വിസിറ്റിംഗ് വിസയില്‍ ജോലിക്ക് പോയിരുന്നു. ജോലി ശരിയാകാത്തതിനാല്‍ നാട്ടില്‍ തിരികെയെത്തി. തുടര്‍ന്നാണ് കണ്ണൂരിലേക്ക് ജോലിക്ക് പോയത്. തിരിച്ചെത്താത്തതിനാല്‍ ഉമ്മ റുഖിയ ആദൂര്‍ പൊലീസില്‍ പരാതി നല്‍കി.

അതേസമയം റിയാസ് കണ്ണൂരിലെ സ്ഥാപനത്തിലേക്ക് വിളിച്ച് താന്‍ ആന്ധ്രാപ്രദേശിലുണ്ടെന്ന് അറിയിച്ചതായി വിവരം ലഭിച്ചതായും റുഖിയയുടെ പരാതിയിലുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar News