ബോവിക്കാനത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് സ്വര്‍ണ്ണക്കമ്മലും കാല്‍ലക്ഷം രൂപയും കവര്‍ന്നു
ഒരു ലക്ഷത്തോളം രൂപയുടെ മുതലുകളാണ് മോഷണം പോയത്.;
മുള്ളേരിയ: ബോവിക്കാനത്ത് വാടക ക്വാര്‍ട്ടേഴ് സിന്റെ വാതില്‍ പൂട്ട് പൊളിച്ച് സ്വര്‍ണ്ണക്കമ്മലും കാല്‍ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ബോവിക്കാനം തേജസ് കോളനിയിലെ വാടക ക്വാര്‍ട്ടേഴ് സിലെ താമസക്കാരനായ കിരണ്‍ കുമാറിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 25000 രൂപയും 10 ഗ്രാം തൂക്കമുള്ള ഒരു ജോഡി സ്വര്‍ണ്ണക്കമ്മലും കവര്‍ന്നത്. മൊത്തം ഒരു ലക്ഷത്തോളം രൂപയുടെ മുതലുകളാണ് മോഷണം പോയത്.
ഇതുസംബന്ധിച്ച് കിരണ്‍ കുമാറിന്റെ ഭാര്യ ശ്രീവിദ്യ(38)യുടെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കിരണ്‍ കുമാര്‍ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശ്രീവിദ്യ കിരണ്‍ കുമാറിന് ആസ്പത്രിയില്‍ കൂട്ടിരിക്കുന്നതിനാല്‍ ഇവരുടെ രണ്ട് മക്കള്‍ ബന്ധുവീട്ടിലാണ് താമസം. മെയ് ഏഴിനും 11നും ഇടയിലാണ് കവര്‍ച്ച നടന്നത്.
ക്വാര്‍ട്ടേഴ് സിന്റെ വാതില്‍ പൂട്ട് തകര്‍ക്കപ്പെട്ടതായി കണ്ടതോടെ ഇക്കാര്യം അയല്‍വാസി ശ്രീവിദ്യയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ശ്രീവിദ്യ മകനെ വിളിച്ച് ആസ്പത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച ശേഷം കഴിഞ്ഞദിവസം ബോവിക്കാനത്തെത്തുകയും തുടര്‍ന്ന് ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കിരണ്‍ കുമാറിന്റെ ചികില്‍സക്കായി പലരും സ്വരൂപിച്ച് നല്‍കിയ പണമാണ് മോഷണം പോയത്. ആറുവര്‍ഷക്കാലമായി കിരണ്‍ കുമാറും കുടുംബവും ഈ ക്വാര്‍ട്ടേഴ് സിലാണ് താമസം.