അക്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ 30 വര്‍ഷത്തിന് ശേഷം അറസ്റ്റുചെയ്തു

Update: 2025-07-08 09:10 GMT

ആദൂര്‍: അക്രമക്കേസിലെ പിടികിട്ടാപ്പുള്ളി 30 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. അഡൂര്‍ മൂലയിലെ എം.ഇ. ബാദുഷ(48)യെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 1995 ഏപ്രില്‍ നാലിന് ഉച്ചക്ക് 2.30 മണിയോടെ അഡൂര്‍ മഞ്ഞംപാറയിലെ അബൂബക്കറിനെ തടഞ്ഞുനിര്‍ത്തി വലതുകാലിനും പുറത്തും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും തടയാന്‍ ചെന്ന മാതാവിനെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയാണ് ബാദുഷ. അബൂബക്കറിന്റെ വീടിന്റെ ഓടുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു. അബൂബക്കറിന്റെ പരാതിയില്‍ ബാദുഷക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തെങ്കിലും ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് നിരവധി തവണ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വീട്ടില്‍ ചെന്നെങ്കിലും പിടികൊടുക്കാതെ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാദുഷയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെ പൈവളിഗെ മടുവള ജഡ്ഡെയില്‍ വെച്ചാണ് ബാദുഷയെ പൊലീസ് പിടികൂടിയത്.

ആദൂര്‍ എസ്.ഐ കെ. വിനോദ്കുമാര്‍, എ.എസ്.ഐ സത്യപ്രകാശ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാഘവന്‍, പൊലീസ് ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Similar News