ഒളിവില്‍ കഴിയുകയായിരുന്ന അബ്കാരി കേസിലെ വാറണ്ട് പ്രതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കര്‍ണ്ണാടക പുത്തൂര്‍ കര്‍ണൂര്‍ മുരുഡൂരിലെ അണ്ണുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്;
ആദൂര്‍: ഒളിവില്‍ കഴിയുകയായിരുന്ന അബ്കാരി കേസിലെ പ്രതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായി. കര്‍ണ്ണാടക പുത്തൂര്‍ കര്‍ണൂര്‍ മുരുഡൂരിലെ അണ്ണു(41)വിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ആഗസ്ത് എട്ടിന് ഓട്ടോറിക്ഷയില്‍ കടത്തിയ കര്‍ണ്ണാടകമദ്യം ആദൂര്‍ പൊലീസ് പിടികൂടുകയും ഓട്ടോഡ്രൈവര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഓട്ടോയിലുണ്ടായിരുന്ന അണ്ണു ഓടി രക്ഷപ്പെടുകയാണുണ്ടായത്.
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ അണ്ണുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ എസ്.ഐ കെ വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാഘവന്‍, വിനോദ്, ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ വേഷത്തില്‍ കര്‍ണ്ണാടകയിലെ ഹലുഗുണ്ടെ സിദ്ധാപുരയിലുള്ള കോഫി എസ്റ്റേറ്റിലെത്തുകയും അണ്ണുവിനെ പിടികൂടുകയുമായിരുന്നു. അണ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.