അബുദാബിയുടെ ആകാശ വീഥികള്‍ സ്വന്തമാക്കാന്‍ പറക്കും ടാക്‌സികള്‍

Update: 2025-03-03 11:33 GMT

അബുദാബി: അബുദാബിയുടെ ആകാശ വീഥികള്‍ സ്വന്തമാക്കാന്‍ പറക്കും ടാക്‌സികള്‍ ഉടനെത്തുന്നു. സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയില്‍ ഈ മാസം മുതല്‍ എയര്‍ ടാക്‌സികളുടെ പരീക്ഷണ പറക്കല്‍ നടക്കുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ആര്‍ച്ചറിന്റെ മിഡ് നൈറ്റ് എയര്‍ ക്രാഫ്റ്റുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ എയര്‍ ടാക്‌സികളുടെ സര്‍വീസ് ആരംഭിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

രാജ്യത്തെ എമിറേറ്റുകള്‍ക്കുള്ളിലും എമിറേറ്റുകള്‍ക്കിടയിലും എളുപ്പത്തില്‍ സഞ്ചരിക്കുന്നതിനായാണ് പറക്കും ടാക്‌സികളുടെ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അണിയറക്കാര്‍ പറഞ്ഞു. അടുത്തിടെയാണ് അബുദാബി ഏവിയേഷനും ആര്‍ച്ചര്‍ കമ്പനിയും തമ്മില്‍ പറക്കും ടാക്‌സികള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്.

കരാര്‍ പ്രകാരം, മിഡ്‌നൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍ യുഎഇക്ക് ഉള്ളില്‍ തന്നെയായിരിക്കും നിര്‍മിക്കുന്നത്. ഇവിടെ നിന്നായിരിക്കും ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കുന്നത്. പൈലറ്റുമാര്‍ക്ക് എയര്‍ ടാക്‌സികള്‍ പറത്തുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും ടാക്‌സി നടത്തിപ്പിലും ആര്‍ച്ചര്‍ കമ്പനി അബുദാബി ഏവിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

സര്‍വീസിന്റെ പ്രാരംഭ ഘട്ടത്തില്‍ പൈലറ്റുമാരെയും സാങ്കേതിക പ്രവര്‍ത്തകരെയും എന്‍ജിനീയര്‍മാരെയും നല്‍കുമെന്ന് ആര്‍ച്ചര്‍ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ, എയര്‍ ടാക്‌സി തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ടിക്കറ്റ് ബുക്കിങ്ങിനുള്ള സാങ്കതിക സൗകര്യങ്ങളും ആര്‍ച്ചര്‍ കമ്പനി ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ദുബൈയ്ക്കും അബുദാബിക്കും ഇടയില്‍ യാത്ര ചെയ്യാനായി പറക്കും ടാക്‌സിയില്‍ 800 മുതല്‍ 1500 ദിര്‍ഹം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ദുബൈയ്ക്കുള്ളില്‍ മാത്രം യാത്ര ചെയ്യാനായി 350 ദിര്‍ഹമാണ് പ്രതീക്ഷിക്കുന്ന ചെലവ്.

യുഎഇയില്‍ പറക്കും ടാക്‌സികള്‍ ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ആര്‍ച്ചര്‍. ഇതിന്റെ മിഡ്‌നൈറ്റ് എയര്‍ ക്രാഫ്റ്റുകളില്‍ പൈലറ്റിനെ കൂടാതെ നാല് പേര്‍ക്ക് കൂടി യാത്ര ചെയ്യാം. വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിലെ ഏറ്റവും കുറഞ്ഞ ഇടവേളകളില്‍ സര്‍വീസ് നടത്താന്‍ പാകത്തിനാണ് എയര്‍ ടാക്‌സികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കാറില്‍ ഒന്നര മണിക്കൂര്‍ വേണ്ടി വരുന്ന യാത്രകള്‍ക്ക് പറക്കും ടാക്‌സിയില്‍ വെറും 10 മുതല്‍ 30 മിനിട്ട് വരെ മാത്രം മതിയാകും.

രാജ്യത്ത് എയര്‍ ടാക്‌സി സേവനങ്ങള്‍ നല്‍കാന്‍ മറ്റൊരു കമ്പനിയായ ജോബിയും ഒരുങ്ങുന്നുണ്ട്. പറക്കും ടാക്‌സികള്‍ക്കായുള്ള ആദ്യ കൊമേഷ്യല്‍ വെര്‍ട്ടിപോര്‍ട്ടിന് ദുബൈ ഇന്റര്‍നാഷനല്‍ വെര്‍ട്ടിപോര്‍ട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ സ്റ്റേഷന് പ്രതിവര്‍ഷം 42,000 ലാന്‍ഡിംഗുകളും 1,70,000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുണ്ടാകും.

Similar News