ഗള്‍ഫുകാരന്റെ വീട്ടില്‍ വീണ്ടും മോഷണം; ഇത്തവണ കടത്തിയത് സി.സി.ടി.വി ക്യാമറ അടക്കം അരലക്ഷം രൂപയുടെ സാധനങ്ങള്‍

മഞ്ചേശ്വരം മച്ചമ്പാടിയിലെ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് മോഷണം നടന്നത്‌;

Update: 2025-07-02 06:57 GMT

മഞ്ചേശ്വരം: ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് സി.സി.ടി.വി ക്യാമറയും ഹാര്‍ഡ് ഡിസ്‌കും അടക്കം അരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നതായി പരാതി. മഞ്ചേശ്വരം മച്ചമ്പാടിയിലെ ഇബ്രാഹിം ഖലീലിന്റെ വീടിന്റെ രണ്ടാംനിലയിലെ വാതിലാണ് തകര്‍ത്തത്. അലമാരകള്‍ കുത്തിതുറന്ന് വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. സി.സി.ടി.വി ക്യാമറ, ഹാര്‍ഡ് ഡിസ്‌ക്, വൈ ഫൈ കണക്ഷന്‍ ബോക്സ് എന്നിവ ഉള്‍പ്പെടെ 50,000 രൂപയുടെ സാധനങ്ങളാണ് കടത്തിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്.

ഒരുവര്‍ഷം മുമ്പും ഇബ്രാഹിം ഖലീലിന്റെ വീട്ടില്‍ മോഷണം നടന്നിരുന്നു. അന്ന് വീട് കുത്തി തുറന്ന് 9 ലക്ഷം രൂപയും അഞ്ചര പവന്‍ സ്വര്‍ണ്ണവും കവര്‍ന്നിരുന്നു. വീട്ടിനകത്ത് നിന്ന് ലോക്കര്‍ സഹിതം പണവും സ്വര്‍ണവുമെടുത്ത് ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടിവി ദൃശ്യവും ലഭിച്ചിരുന്നു. അന്ന് മോഷണം നടത്തിയവരാകാം സി.സി.ടി.വി ക്യാമറയടക്കം കൊണ്ടുപോയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുമ്പോള്‍ ഇബ്രാഹിം ഖലീല്‍ മൊബൈല്‍ ഫോണില്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ പെട്ടെന്ന് തന്നെ അത് ഡിസ്‌കണക്ടായത് സംശയമുയര്‍ത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് സി.സി.ടി.വി അടക്കമുള്ള സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയെന്ന് വ്യക്തമായത്.

Similar News