DRUG SEIZED | സ്വിഫ് റ്റ് കാറില്‍ കടത്തിയ ഹാഷിഷുമായി യുവാവ് അറസ്റ്റില്‍; കൂട്ടുപ്രതിയുടെ വീട്ടില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

Update: 2025-04-03 06:40 GMT

ഉപ്പള: സ്വിഫ് റ്റ് കാറില്‍ കടത്തിയ ഹാഷിഷുമായി യുവാവിനെ എക് സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി ഓടിപ്പോയി. കര്‍ണാടക കന്യാന സ്വദേശിയും ഇപ്പോള്‍ മണ്ണംകുഴിയില്‍ താമസക്കാരനുമായ കലന്തര്‍ ഷാഫി(28)യെയാണ് കാസര്‍കോട് എന്‍ഫോഴ് സ് മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പുഞ്ചത്ത് വയലിലെ മുഹമ്മദ് യാസിറാണ് കാറില്‍ നിന്ന് ഓടിപ്പോയത്.

ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് മണ്ണംകുഴി തെക്കേകുന്ന് എന്ന് സ്ഥലത്ത് വെച്ചാണ് കാര്‍ തടഞ്ഞ് നിര്‍ത്തി എക്സൈസ് സംഘം പരിശോധിച്ചത്. കാര്‍ പിന്നീട് കസ്റ്റഡിയിലെടുത്തു. കലന്തര്‍ ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യാസിറിന്റെ വീട്ടില്‍ ഹാഷിഷ് സൂക്ഷിച്ചതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യാസിറിന്റെ വീട് പരിശോധിച്ചപ്പോള്‍ 320 ഗ്രാം ഹാഷിഷ് കണ്ടെടുത്തു. ബാക്കി മയക്കുമരുന്ന് കാറിലാണുണ്ടായിരുന്നത്. മൊത്തം 450 ഗ്രാം ഹാഷിഷാണ് പിടികൂടിയത്.

കലന്തര്‍ ഷാഫിയെ ഒരാഴ്ച മുമ്പ് 100 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. അതിന് ശേഷം ഷാഫിയെ എക് സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. എക് സൈസ് ഇന്‍സ്പെക്ടര്‍ കെ.വി മുരളി, പ്രിവന്റീവ് ഓഫീസര്‍മാരായ നൗഷാദ്, അജീഷ്, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ മഞ് ജുനാഥന്‍, അതുല്‍, വനിതാ എക് സൈസ് ഓഫീസര്‍ റീന, സിവില്‍ എക് സൈസ് ഓഫീസ് ഡ്രൈവര്‍ സജീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Similar News