കാസര്‍കോട്: കാസര്‍കോട് ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ ഇ.കെ. ബിജോയിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തളങ്കരയില്‍ നടത്തിയ പരിശോധനയില്‍ 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. തളങ്കര ബാങ്കോട് സീനത്ത് നഗറില്‍ താമസിക്കുന്ന ബി. അഷ്‌ക്കറലി (36)യാണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫ്, കെ.വി. വിനോദന്‍, പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത്, വനിതാ ഓഫീസര്‍ ഗീത, സിവില്‍ ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍, കണ്ണന്‍ കുഞ്ഞി, അമല്‍ജിത്ത്, ടി.സി. അജയ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. അഷ്‌ക്കറലിയെ മാസങ്ങളോളമായി എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ഹാഷിഷും കഞ്ചാവുമായി പിടിയിലാകുന്നത്.