യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി റിമാണ്ടില്‍

By :  Sub Editor
Update: 2025-03-20 11:37 GMT

കാഞ്ഞങ്ങാട്: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശി റിമാണ്ടില്‍. തമിഴ്നാട് കന്യാകുമാരി മാര്‍ത്താണ്ഡത്തെ സതീഷിനെ(31)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ഇന്നലെയാണ് വെള്ളരിക്കുണ്ട് എസ്.ഐ കെ. രാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സതീഷിനെ അറസ്റ്റ് ചെയ്തത്. പരപ്പ പന്നിത്തടത്തെ ചേനോത്ത് വീട്ടില്‍ സുനില്‍കുമാറിന്റെ പരാതിയിലാണ് സതീഷിനെതിരെ കേസെടുത്തത്. രണ്ടുവര്‍ഷം മുമ്പാണ് യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സുനില്‍കുമാറില്‍ നിന്ന് സതീഷ് രണ്ടുലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. തുടര്‍ന്ന് സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മറ്റൊരു വിസ തട്ടിപ്പ് കേസില്‍ കോഴിക്കോട്ട് ജയിലിലായിരുന്ന സതീഷിനെ കോടതിയുടെ അനുമതിയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Similar News