കുമ്പളയില്‍ അടിപ്പാതകള്‍ ഒരേസമയം അടച്ചിട്ടതില്‍ പ്രതിഷേധം
കുമ്പള ടൗണിലെ അടിപ്പാതകള്‍ അടച്ച നിലയില്‍
കുമ്പള: നിര്‍മ്മാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തിയ ദേശീയപാതയില്‍ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. കുമ്പളയില്‍ രണ്ട് അടിപ്പാതകള്‍ അടച്ചിട്ടത് തീവണ്ടി യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമായി മാറി. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ അടിപ്പാതയും കുമ്പള ബദര്‍ ജുമാ മസ്ജിദിന് എതിര്‍ വശത്തുള്ള ചെറിയ അടിപ്പാതയുമാണ് അടച്ചിട്ടിരിക്കുന്നത്. റെയില്‍വെ സ്റ്റേഷന് സമീപത്തെ അടിപ്പാത അറ്റകുറ്റ പണിക്കായാണ് അടച്ചത്. എന്നാല്‍ കാല്‍നട യാത്രക്കാര്‍ ആശ്രയിച്ചിരുന്ന ചെറിയ അടിപ്പാത അടച്ചത് എന്തിനെന്ന് വ്യക്തമല്ല.
കുമ്പള റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തീ വണ്ടി ഇറങ്ങി മൊഗ്രാല്‍, മൊഗ്രാല്‍പുത്തൂര്‍, ചൗക്കി, അടുക്കത്ത്ബയല്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ അടിപ്പാതയില്‍ കൂടി നടന്ന് സമീപത്തെ കാസര്‍കോട് ഭാഗത്തേക്ക് ബസ് പോവുന്ന സ്റ്റോപ്പില്‍ എത്തുമായിരുന്നു. കുമ്പള ബസ്സ്റ്റാന്റിലെത്തി ബസ് കയറാന്‍ ചെറിയ അടിപ്പാതയും ഉപയോഗിച്ചിരുന്നു. ഇവിടെ ചെറിയ വഴി മാത്രം വെച്ചത് കൂട്ടത്തോടെ എത്തുന്ന തീവണ്ടി യാത്രക്കാര്‍ക്ക് കടന്നുപോവാന്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. രണ്ട് അടിപ്പാതകളും ഒരേസമയം അടച്ചിട്ടത് യാത്രക്കാര്‍ക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്.