മഞ്ചേശ്വരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രി- പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സ് പരിഗണനയിലെന്ന് മന്ത്രി

By :  News Desk
Update: 2025-03-12 10:14 GMT

കാര്‍ഷിക സര്‍വകലാശാലയുടെ മഞ്ചേശ്വരം വോര്‍ക്കാടിയിലെ കൃഷി വിജ്ഞാന പരിശീലന കേന്ദ്രം

മഞ്ചേശ്വരം: കേരള കാര്‍ഷിക സര്‍വകലാശാലയുടെ മഞ്ചേശ്വരം കൃഷിവിജ്ഞാന കേന്ദ്രത്തില്‍ അഗ്രി-പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നത് പരിഗണനയിലാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയില്‍ പറഞ്ഞു. എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വോര്‍ക്കാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥാപനമാണ് കൃഷി വിജ്ഞാന പരിശീലന കേന്ദ്രം.

പതിനാറ് ഏക്കറോളം സ്ഥലസൗകര്യമുള്ള ഇവിടെ നിലവില്‍ കര്‍ഷകര്‍ക്ക് വിവിധ കൃഷി രീതികളെ കുറിച്ചും മറ്റും പരിശീലനങ്ങള്‍ നല്‍കി വരുന്നു.

ഇവിടെ അഗ്രികള്‍ച്ചറല്‍ പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിച്ചാല്‍ വടക്കന്‍ കേരളത്തിലെ കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമാവുമെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയിലെ അധുനിക സാങ്കേതിക വിദ്യകളെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് അഗ്രി പോളിടെക്‌നിക്ക് ഡിപ്ലോമ. കൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍, യന്ത്രവത്ക്കണം, കൃഷി രീതി, ജലസേചനം, വിള പരിപാലനം, മണ്ണ് പരിപാലനം, വിളവെടുപ്പ്, സംഭരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിലൂടെ സാധിക്കും.

ഉത്തര കേരളത്തിലെ വിദ്യാര്‍ഥികള്‍ ഹൈദരാബാദിലെ സര്‍വകലാശാലയെയാണ് ഇപ്പോള്‍ ഈ കോഴ്‌സിനായി ആശ്രയിക്കുന്നത്. ഈ വര്‍ഷം തന്നെ മഞ്ചേശ്വരം കേന്ദ്രത്തില്‍ അഗ്രി. പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എ.കെ.എം അഷ്‌റഫ് നിയമസഭയില്‍ ആവശ്യപ്പെട്ടു.


Similar News