BUDGET | കാസര്‍കോട് നഗരസഭാ ബജറ്റ്; ആരോഗ്യമേഖലക്ക് മുന്‍തൂക്കം

Update: 2025-03-27 09:52 GMT

കാസര്‍കോട് നഗരസഭാ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അവതരിപ്പിക്കുന്നു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ 2025-2026 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് ഇന്ന് ഉച്ചയോടെ അവതരിപ്പിച്ചു. 73,79,00,948 രൂപ വരവും 67,24,67,530 രൂപ ചെലവും 6,54,33,418 രൂപ ബാക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കാസര്‍കോട് നഗരസഭയുടെ സാന്ത്വന പരിചരണ പദ്ധതിക്ക് 16 ലക്ഷം രൂപയും ദ്വിതീയ സാന്ത്വന പരിചരണ പദ്ധതിക്ക് 13 ലക്ഷം രൂപയും കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് മരുന്ന് വാങ്ങുന്നതിന് 30 ലക്ഷം രൂപയും ഡയാലിസിന് രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നിന് 20 ലക്ഷം രൂപയും അനുവദിച്ചു.

എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകാഹാരം, ക്ഷയ രോഗികള്‍ക്ക് പോഷകാഹാരം, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി, ഹോമിയോ ഡിസ്‌പെന്‍സറിക്ക് മരുന്ന് തുടങ്ങിയവക്കും പദ്ധതിയുണ്ട്. സമഗ്ര ശിക്ഷാ കേരള പദ്ധതിക്ക് 30 ലക്ഷം രൂപയും നഗരപരിധിയിലെ ജലഅതോറിറ്റിയുടെ പൊതു കുടിവെള്ള ടാപ്പുകളുടെ വെള്ളക്കരം ഒടുക്കുന്നതിന് 40 ലക്ഷം രൂപയും അനുവദിച്ചു. പൈപ്പ് ലൈന്‍ മാറ്റിവെക്കുന്നതിനും ദീര്‍ഘിപ്പിക്കുന്നതിനും 30 ലക്ഷം രൂപ വകയിരുത്തി. വിവിധ സ്ഥലങ്ങളിലെ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും 15 ലക്ഷം രൂപ അനുവദിച്ചു. അതിദരിദ്ര മൈക്രോ പ്ലാന്‍ പദ്ധതിക്ക് 10 ലക്ഷം രൂപയും സമഗ്ര തെങ്ങ് കൃഷി പദ്ധതിക്ക് 22,45,950 രൂപയും അംഗന്‍വാടികളില്‍ പോഷകാഹാര വിതരണത്തിന് 50 ലക്ഷം രൂപയും സമഗ്ര കവുങ്ങ് കൃഷി പദ്ധതിക്ക് 12 ലക്ഷവും കാസര്‍കോട് ഗവ. ആയുര്‍വേദ ആസ്പത്രിക്ക് മരുന്ന് വാങ്ങുന്നതിന് 40 ലക്ഷം രൂപയും അനുവദിച്ചു.

മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുന്നതിനും വിവിധ അംഗന്‍വാടികള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും തുക വകയിരുത്തി.

പി.എം.എ.വൈ. ലൈഫ് ഭവന നിര്‍മ്മാണത്തിന് 2.32 കോടി രൂപ അനുവദിച്ചു. വരള്‍ച്ചാ സമയങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ 10 ലക്ഷം രൂപയും ശാരീരകവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും ബത്തയും നല്‍കുന്നതിന് 30ലക്ഷം രൂപയും അനുവദിച്ചു.

അമൃത് 2.0 നഗരസഭാ വിഹിതമായി ഒരുകോടി രൂപ നല്‍കും. വിവിധ റോഡുകളുടെ നവീകരണത്തിനും തുക വകയിരുത്തി.

നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞയോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്.



Similar News