കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും: വ്യാപാരി നേതാക്കള്‍ ചെയര്‍പേഴ്‌സനെ കണ്ടു; പ്രക്ഷോഭത്തിനൊരുങ്ങുന്നു

By :  Sub Editor
Update: 2025-04-05 11:03 GMT

അടച്ചിട്ട കോട്ടച്ചേരി ബസ് സ്റ്റാന്‍ഡും പരിസരത്തെ വ്യാപാരികളെയും വ്യാപാര വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ. അഹമ്മദ് ഷെരിഫിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു.

കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ് സ്റ്റാന്റ് അറ്റക്കുറ്റപണികള്‍ക്കായി ആറു മാസത്തേക്ക് അടച്ചിട്ടതിനെ തുടര്‍ന്ന് നഗരത്തിലുണ്ടായ ഗതാഗത കുരുക്കും വ്യാപാര സ്തംഭനവും ഒഴിവാക്കാന്‍ അടിയന്തര നടപടികളില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുന്നതുള്‍പ്പെടെ ശക്തമായ പ്രക്ഷോഭത്തിന് വ്യാപാരികള്‍ നിര്‍ബന്ധിതരാ കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫും കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോയിയേഷന്‍ പ്രസിഡണ്ട് സി.കെ ആസിഫും മുന്നറിയിപ്പ് നല്‍കി. ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട അറ്റകു റ്റപണികള്‍ക്കാണ് ആറ് മാസത്തേക്ക് യാര്‍ഡ് അടച്ചുപൂട്ടിയത്. സ്റ്റാന്റ് അടച്ചിട്ടതിനെ തുടര്‍ന്ന് പ്രയാസപ്പെടുന്ന വ്യാപാരികളെ ജില്ല പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നഗരസഭ ചെയര്‍ പേഴ്‌സണെയും വൈസ് ചെയര്‍മാനെയും വ്യാപാരി നേതാക്കള്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. വിഷു ആഘോഷ വേളകളിലും തുടന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സമയത്തും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ നഗരത്തിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ആസിഫ് മെട്രോ, പി. മഹേഷ്, ഷെരീഖ് കമ്മാടം, സി.യൂസഫ് ഹാജി, ടി. മുഹമ്മദ് അസ് ലം എ. ഹമീദ് ഹാജി, എന്‍. അശോക് കുമാറും എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.


Similar News