മഞ്ചേശ്വരം താലൂക്കിലെ ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എ.കെ.എം അഷ്റഫ് എം.എല്‍.എ
ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാനും താലൂക്ക് പരിധിയിലെ ഗ്രൂപ്പ് വില്ലേജുകളെ വിഭജിച്ച് സ്വതന്ത്ര വില്ലേജ് ഓഫീസുകളാക്കിയും പൊതുജനങ്ങള്‍ക്ക് മികച്ച സേവന ലഭ്യമാക്കുന്നത് സംബന്ധിച്ചും എ.കെ.എം അഷ്റഫ് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.
ഉദ്യേഗസ്ഥ ക്ഷാമം ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നതായി എം.എല്‍.എ ചൂണ്ടിക്കാട്ടി. 22 ക്ലാര്‍ക്ക് തസ്തികകള്‍ താലൂക്ക് ഓഫീസിന് അനുവദിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി 11 ക്ലാര്‍ക്കുമാര്‍ മാത്രമാണ് ഉള്ളത്. 19 വില്ലേജ് അസിസ്റ്റന്റ് പോസ്റ്റുകള്‍ താലൂക്ക് പരിധിയില്‍ ഉണ്ടെങ്കിലും നിലവില്‍ 11 വില്ലേജ് അസിസ്റ്റന്റ് തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. 5 വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയും 2 വില്ലേജ് ഓഫീസര്‍ തസ്തികയും ഒഴിഞ്ഞ് കിടക്കുന്നു. ജീവനക്കാരുടെ അഭാവം മൂലം ഒരു ജീവനക്കാരന് തന്നെ ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഇത് കാരണം സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനോ പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭ്യമാക്കാനോ കഴിയുന്നില്ല.
നിരവധി ഫയലുകളാണ് താലൂക്ക് ഓഫീസില്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുന്നത്. 1500 ഓളം പട്ടയ അപേക്ഷകള്‍ നിലവില്‍ തീര്‍പ്പാക്കാനുണ്ട്. താലൂക്ക്തല ലാന്റ് അസൈന്റ്‌മെന്റ് കമ്മിറ്റി തീരുമാനമായിട്ടും 316 പേരുടെ പട്ടയങ്ങളുടെ കാര്യത്തില്‍ തുടര്‍ നടപടിയില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. പതിവിന് അനുയോജ്യമായ സര്‍ക്കാര്‍ ഭൂമി ഇവിടെ ഉണ്ടായിട്ടും ആയിരക്കണക്കിന് പാവപ്പെട്ട ഭൂരഹിതരുടെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുകയാണ്. ഇത് തീര്‍പ്പാക്കുന്നതിനായി നിശ്ചിത കാലത്തേക്ക് ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍, രണ്ട് ക്ലാര്‍ക്കുമാര്‍ എന്നിവരെ ലാന്റ് അസൈന്‍മെന്റ് സെക്ഷനില്‍ അധികമായി അനുവദിക്കേണ്ടതായിട്ടുണ്ട്. ഒരു മുഴുസമയ ഹെഡ് സര്‍വ്വേയര്‍, ഒരു സര്‍വ്വേ ഡ്രാഫ്റ്റ്‌സ്മാന്‍ എന്നിവരെ അടിയന്തരമായി നിയമിക്കണം. സര്‍വ്വേ സംബന്ധമായ അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കണം. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ ഗഡിനാടു കന്നഡിഗെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കേണ്ടതായി വരും. കാലവര്‍ഷം തുടങ്ങുമ്പോള്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടതായിട്ടുണ്ട്. നിലവിലെ ഉദ്യോഗസ്ഥ ക്ഷാമം ഇതിന് തടസ്സമായി മാറും.
മഞ്ചേശ്വരം താലൂക്ക് ഓഫീസിലും താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകളിലും വിജിലന്‍സ് നടപടി ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ക്ക് നേരിട്ടവരെ ശിക്ഷാ നടപടിയുടെ ഭാഗമായി നിയമിക്കുകയാണ്. ഇതര ജില്ലകളില്‍ നിന്ന് വരുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് പ്രാദേശിക ഭാഷയായ കന്നഡ അറിയാത്തതും ജോലിയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതും ഒരു പ്രശ്‌നമായി നിലനില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ ഗ്രൂപ്പ് വില്ലേജുകള്‍ ഉള്ള താലൂക്കാണ് മഞ്ചേശ്വരം. 48 വില്ലേജുകള്‍ക്ക് 19 വില്ലേജ് ഓഫീസുകളാണ് ഇവിടെയുള്ളത്. ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് സ്വതന്ത്ര വില്ലേജുകളാക്കണമെന്നത് വര്‍ഷങ്ങളുടെ ആവശ്യമാണ്. ഇതില്‍ ജനസാന്ദ്രത കൂടിയ ഉപ്പള, കോയിപ്പാടി, ഹൊസബെട്ടു, ഇച്ചിലങ്കോട്, കുഞ്ചത്തൂര്‍, ബംബ്രാണ എന്നീ ഗ്രൂപ്പ് വില്ലേജുകള്‍ അടിയന്തരമായി വിഭജിച്ച് സ്വതന്ത്ര വില്ലേജ് ഓഫീസുകളാക്കേണ്ടത് അത്യാവശ്യമാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.