കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയില്‍ ആയിരുന്ന വാദ്യകലാകാരന്‍ മരിച്ചു

Update: 2025-03-14 09:16 GMT

കാഞ്ഞങ്ങാട്: യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത വാദ്യകലാകാരന്‍ മഡിയന്‍ രഞ്ജു മാരാര്‍ (42)അന്തരിച്ചു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒന്നര മാസം മുമ്പ് പുതിയകോട്ട ടി.ബി റോഡ് ജംഗ്ഷന്‍ സമീപത്തെ ഹാളില്‍ വെച്ചാണ് അപകടം. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ടായിരുന്നു രഞ്ജുമാരാര്‍. കേന്ദ്ര സര്‍ക്കാരിന്റെ വാദ്യ നിപുണ അവാര്‍ഡ് ജേതാവാണ്. വാദ്യകലയില്‍ കേരളത്തിനകത്തും പുറത്തു നിന്നുമായി ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് രഞ്ജുമാരാര്‍. ഡല്‍ഹി പൂരത്തോട് അനുബന്ധിച്ച് കേന്ദ്ര സഹ മന്ത്രി മീനാക്ഷി ലേഖി വാദ്യ നിപുണ പുരസ്‌കാരം രഞ്ജു മാരാര്‍ക്ക് സമര്‍പ്പിച്ചിരുന്നു. കൂടാതെ, വാദ്യകലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ രഞ്ജുമാരാറെ വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ നിന്നും സുവര്‍ണ്ണ പതക്കം നല്‍കി ആദരിച്ചിരുന്നു. വിവിധ സന്നദ്ധ സംഘടനകള്‍, കേരളക്ഷേത്ര വാദ്യകല അക്കാദമി, തുടങ്ങിയ ഒട്ടേറെ കൂട്ടായ്മയില്‍ ഭാരവാഹിയുമാണ്. ജീവകാരുണ്യ മേഖലയിലും മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. പരേതനായ കുറുവേരി നാരായണ മാരാറുടെയും മഡിയനിലെ കോമളത്തിന്റെയും മകനാണ്. സഹോദരന്‍: മഡിയന്‍ ബിജുമാരാര്‍.

Similar News