75 കോടിയുടെ എം.ഡി.എം.എയുമായി പിടിയിലായത് കാസര്‍കോട് അടക്കം മയക്കുമരുന്നെത്തിക്കുന്ന വന്‍ റാക്കറ്റിലെ വിദേശവനിതകള്‍

By :  Sub Editor
Update: 2025-03-17 09:13 GMT

കാസര്‍കോട്: 75 കോടി രൂപയുടെ എം.ഡി.എം.എയുമായി ബംഗളൂരുവില്‍ മംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് കാസര്‍കോടും മംഗളൂരുവിലും അടക്കം മയക്കുമരുന്നെത്തിക്കുന്ന വന്‍ റാക്കറ്റിലെ വിദേശവനിതകള്‍. 37 കിലോയിലധികം എം.ഡി.എം.എയുമായി അറസ്റ്റിലായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനികളായ ബാംബ ഫാന്റ്(31), അബി ഗെയ്ല്‍ അഡോണിസ്(30) എന്നിവരെ മംഗളൂരു സെന്‍ട്രല്‍ കൈക്രംബ്രാഞ്ച് ചോദ്യം ചെയ്തതോടെയാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. കര്‍ണാടകയില്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സെപ്റ്റംബറില്‍ മംഗളൂരുവിലെ പമ്പ്‌വെലില്‍ നിന്ന് ഹൈദര്‍ അലി എന്നയാളെ 15 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയിരുന്നു. തുടര്‍ അന്വേഷണം എത്തിയത് നൈജീരിയന്‍ പൗരനായ പീറ്ററിലേക്കാണ്. പീറ്ററെ ചോദ്യം ചെയ്തതോടെയാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിനികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രിനഗറില്‍ നിന്നാണ് വിദേശവനിതകളെ കസ്റ്റഡിയിലെടുത്തത്.

മംഗളൂരു, കാസര്‍കോട് അടക്കമുള്ള ഭാഗങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വിദേശവനിതകള്‍ ഉള്‍പ്പെടുന്ന സംഘമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സമീപകാലത്ത് വിദ്യാഭ്യാസ, ബിസിനസ് ആവശ്യങ്ങള്‍ക്കായി ബംഗളൂരു, മംഗളൂരു ഭാഗങ്ങളില്‍ താമസിക്കുന്ന ആഫ്രിക്കന്‍ പൗരന്മാരായ പലരും മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങി മയക്കുമരുന്ന് വിതരണത്തിലേര്‍പ്പെടുകയാണ്. ഇവരില്‍ പലരും പിടിക്കപ്പെട്ടിട്ടുണ്ട്.

2022 മുതല്‍ 2024 വരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 13 വിദേശ പൗരന്മാരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും നൈജീരിയയില്‍ നിന്നുള്ളവരാണ്. 2022ല്‍ ഒരാളും 2023ല്‍ ആറ് പേരും 2024ല്‍ നാല് പേരും ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഇതുവരെ, ഒരു നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മയക്കുമരുന്ന് കൈവശം വയ്ക്കലും വില്‍പ്പനയുമായി ബന്ധപ്പെട്ട് മംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 2,200ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,900ത്തിലധികം പേര്‍ അറസ്റ്റിലായി. 2024ല്‍ മാത്രം 6.59 കോടി രൂപ വിലമതിക്കുന്ന 7 കിലോ 305 ഗ്രാം എം.ഡി.എം.എ അധികൃതര്‍ പിടിച്ചെടുത്തു. 2023ല്‍ 1.11 കോടി രൂപയുടെ എം.ഡി.എം.എയാണ് പിടികൂടിയത്.

Similar News