കരിപ്പൂരില്‍ വീട്ടില്‍ നിന്ന് ഒന്നരക്കിലോ എം.ഡി.എം.എ പിടിച്ചു; സൂത്രധാരന്‍ അറസ്റ്റില്‍

Update: 2025-03-10 08:48 GMT

ആഷിഖ്, പിടിച്ചെടുത്ത എം.ഡി.എം.എ.


മലപ്പുറം: മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ ശക്തമായ നടപടികളുമായി പൊലീസ്. കരിപ്പൂരിലെ ഒരു വീട്ടില്‍ നിന്ന് എറണാകുളം മട്ടാഞ്ചേരി പൊലീസ് ഒന്നരകിലോ എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് വിതരണ സംഘത്തിന്റെ സൂത്രധാരന്‍ എന്ന് കരുതുന്ന കരിപ്പൂര്‍ മുക്കൂട് മുള്ളന്‍ വീട്ടില്‍ മടക്കല്‍ ആഷിഖി(27)ന്റെ വീട്ടില്‍ നിന്നാണ് കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടിയത്. ആഷിഖിനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പൊലീസ് വ്യാപകമായി നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ജനുവരിയില്‍ ഒരു യുവതി അടക്കം 6 പേര്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി പിടിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിതരണ സംഘത്തിന്റെ സൂത്രധാരന്‍ ഒമാനിലുള്ള ആഷിഖാണെന്ന് തിരിച്ചറിഞ്ഞത്. അവിടെ 5 വര്‍ഷമായി ഒരു സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ വിലക്ക് ലഭിക്കുന്ന എം.ഡി.എം.എ ഭക്ഷ്യവസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി ആഷിഖ് കേരളത്തിലേക്ക് കടത്തുന്നതായി കണ്ടെത്തിയ പൊലീസ് ഇയാളെ വലവീശി കാത്തിരിക്കുകയായിരുന്നു. നാട്ടിലെത്തിയ ആഷിഖിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗള്‍ഫില്‍ നിന്ന് കടത്തിയ ഒന്നരകിലോ എം.ഡി.എം.എ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് വീട് പരിശോധിച്ച് എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.


Similar News