കോഴിക്കോട്: മലയാള സാഹിത്യത്തിൻ്റെ മഹാ പ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16 തിങ്കളാഴ്‌ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഇത് മലയാളത്തിന്റെ പ്രിയ കഥാകാരൻ തിരിച്ചുവരുമെന്ന പ്രതീക്ഷയും ആശ്വാസവും ഉയർത്തിയിരുന്നു. എന്നാൽ രാത്രിയോടെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതരുടെ അറിയിപ്പ് വന്നു. നോവൽ,കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം കയ്യൊപ്പ് ചാർത്തിയ അനശ്വരതയാർജ്ജിച്ച അസാധാരണ വ്യക്തിത്വമാണ്.
രാജ്യത്തെ ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം, പത്മഭൂഷൺ പുരസ്‌കാരം, കേരളസർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരളജ്യോതി, ദേശാഭിമാനി സാഹിത്യ പുരസ്കാരം, ജെ സി ഡാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്‌കാരങ്ങൾ തുടങ്ങി ഇരുന്നൂറിലിധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര–-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ എം ടിക്ക് ചെറുകഥക്കും നോവലിനും നാടകത്തിനും കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. ഇത്തരത്തിൽ ഒരേ പുരസ്കാരം ലഭിച്ച ഏക മലയാളി സാഹിത്യകാരൻ എന്ന ഖ്യാതിയുമുണ്ട്. മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായി ദീർഘകാലം പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നിട്ടുണ്ട്.
1933 ജൂലൈ 15നാണ് ജനനം. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ എന്നാണ് എം.ടി.യുടെ മുഴുവൻ പേര്. അച്ഛൻ: പരേതനായ നാരായണൻ നായർ, അമ്മ: പരേതയായ അമ്മാളു അമ്മ. പ്രശസ്‌ത നർത്തകി കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കൾ: സിതാര( അമേരിക്ക), അശ്വതി. മരുമക്കൾ: ശ്രീകാന്ത് (നർത്തകൻ, ചെന്നൈ).സഞ്ജയ് ഗിർമെ( അമേരിക്ക). ആദ്യ ഭാര്യ: പരേതയായ പ്രമീള