തദ്ദേശ തിരഞ്ഞെടുപ്പ്; ശാസ്തമംഗലത്ത് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി; മറ്റ് പ്രമുഖരും രംഗത്ത്
67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്;
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്. പ്രമുഖരെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കിയിരിക്കുന്നത്. മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. വി.വി.രാജേഷ് കൊടുങ്ങാനൂരില്‍ സ്ഥാനാര്‍ഥിയാകും. പത്മിനി തോമസ് പാളയത്ത് മല്‍സരിക്കും. കോണ്‍ഗ്രസ് വിട്ടുവന്ന തമ്പാനൂര്‍ സതീഷ് തമ്പാനൂരിലും മത്സരിക്കും.
നേമം - എം.ആര്‍.ഗോപന്‍, വഴുതക്കാട് - ലത ബാലചന്ദ്രന്‍, പേട്ട - പി. അശോക് കുമാര്‍, പട്ടം - അഞ്ജന, കുടപ്പനക്കുന്ന് - ഷീജ.ജെ, കഴക്കൂട്ടം- കഴക്കൂട്ടം അനില്‍, കാര്യവട്ടം - സന്ധ്യറാണി എസ്.എസ് എന്നിവര്‍ മത്സരിക്കും.
ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റും. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഒരു ഭരണം കാഴ്ചവയ്ക്കും. തലസ്ഥാനത്തിന്റെ സാധ്യതകള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഭരണമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. ഇന്ത്യയുടെ ഏറ്റവും നല്ല നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.