12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; മുഖ്യമന്ത്രി വാക്കുപാലിച്ചു; പെന്‍ഷന്‍ കുടിശിക രാമന്‍കുട്ടിയുടെ അക്കൗണ്ടിലെത്തി
2, 47, 340രൂപയാണ് രാമന്‍കുട്ടിക്ക് ലഭിച്ചത്;
തിരുവനന്തപുരം: ചെത്ത് തൊഴിലാളിയായിരുന്ന രാമന്‍കുട്ടിയുടെ 12വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, പെന്‍ഷന്‍ കുടിശിക അക്കൗണ്ടിലെത്തി. മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസണ്‍ കണക്ട് സെന്ററില്‍ നല്‍കിയ പരാതിയുടെ പരിഹാരംഅറിയിക്കാനാണ് ഒക്ടോബര്‍22ന്പാലക്കാട് പ്ലാച്ചിക്കാട്ടില്‍ പി. രാമന്‍കുട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചത്. അന്ന്'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടി...'എന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇന്ന് പാലിക്കപ്പെട്ടു.
2013 മെയ് മുതല്‍ 2022 നവംബര്‍ വരെയുള്ള പെന്‍ഷന്‍ കുടിശ്ശികയും 2025 ഒക്ടോബറിലെ പെന്‍ഷനൊപ്പം ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു. 2, 47, 340രൂപയാണ് രാമന്‍കുട്ടിക്ക് ലഭിച്ചത്. മുഴുവന്‍ കുടിശ്ശികയും അക്കൗണ്ടില്‍ എത്തിയെന്ന വിവരം സിറ്റിസണ്‍ കണക്റ്റ് കോള്‍ സെന്ററില്‍ നിന്ന് രാമന്‍കുട്ടിയെ അറിയിച്ചു.
2013 ഏപ്രിലിലാണ് രാമന്‍കുട്ടി ചെത്ത് തൊഴിലില്‍ നിന്ന് വിരമിക്കുന്നത്. തൊട്ടടുത്ത മാസം മുതല്‍ ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്‍ഷന്‍ അദ്ദേഹത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സോഫ് റ്റ് വെയറിലെ പിഴവ് കാരണം രാമന്‍കുട്ടിയുടെ പെന്‍ഷന്‍ അതേ പേരുള്ള മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയിരുന്നത്.
2022-ല്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് 2022 ഡിസംബര്‍ മാസം മുതല്‍ 3500 രൂപ നിരക്കിലുള്ള പ്രതിമാസ പെന്‍ഷന്‍ രാമന്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നുതുടങ്ങി. ഇത് വലിയ ആശ്വാസമായെങ്കിലും2013മെയ് മുതല്‍ 2022 നവംബര്‍ വരെയുള്ള ഏകദേശം ഒന്‍പതര വര്‍ഷത്തെ കുടിശികത്തുക സംബന്ധിച്ച് മാത്രം തീരുമാനമായിരുന്നില്ല.
വഴിത്തിരിവായത് മുഖ്യമന്ത്രി എന്നോടൊപ്പം - സിറ്റിസണ്‍ കണക്റ്റ് കാള്‍ സെന്ററിലേക്ക് വന്ന ഫോണ്‍ കോള്‍ ആയിരുന്നു. രാമന്‍കുട്ടിയുടെ പരാതി സ്വീകരിച്ച കോള്‍ സെന്റര്‍ അധികൃതര്‍ വിഷയം അടിയന്തരമായി ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്ന് നടപടികള്‍ വേഗത്തിലായി. പാലക്കാട് ഓഫീസില്‍ നിന്ന് ബാങ്ക് സ്റ്റേറ്റ് മെന്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലേക്ക് അടിയന്തരമായി എത്തിച്ചു. ഒക്ടോബര്‍17ന് ചേര്‍ന്ന ക്ഷേമനിധി ബോര്‍ഡിന്റെ705ാമത് യോഗം രാമന്‍കുട്ടിയുടെ വിഷയം പ്രത്യേകമായി പരിഗണിച്ച് തുക അനുവദിക്കുകയായിരുന്നു.