തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി
വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു;
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി. തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 7ന് വൈകിട്ട് ആറ് മുതല്‍ 9 ന് വൈകുന്നേരം ആറ് വരെയും വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 9ന് വൈകുന്നേരം ആറ് മുതല്‍ 11 ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതര്‍ ഉത്തരവില്‍ പറയുന്നു. ഡിസംബര്‍ 9,11 തിയതികളിലാണ് തിരഞ്ഞെടുപ്പ്. 13നാണ് വോട്ടെണ്ണല്‍.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറായപ്പോള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ സ്ഥാനാര്‍ത്ഥികളായ ഏക ജില്ല മലപ്പുറമാണ്. ബാക്കി 13 ജില്ലകളിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് മത്സര രംഗത്തുള്ളത്. തിരഞ്ഞെടുപ്പില്‍ ആകെ 75,644 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ചുള്ള പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.