നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണി, ഫ് ളാറ്റിലെത്തിച്ച് പീഡനം; നിര്‍ബന്ധിത ഗര്‍ഭഛിദ്രം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍
10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്;
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസ് കേസെടുത്ത് നേമം സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. മൂന്നിടത്തു വച്ച് കുറ്റകൃത്യം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
ആദ്യ പീഡനം മാര്‍ച്ചിലായിരുന്നു. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ് ളാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ് ളാറ്റിലും പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. മേയ് 30ന് ഭ്രൂണഹത്യയ്ക്കുള്ള മരുന്നു നല്‍കി. മരുന്നു കൈമാറിയത് രാഹുലിന്റെ സുഹൃത്ത് ജോബിയാണെന്നും കാറില്‍ വച്ചാണ് മരുന്നു കഴിപ്പിച്ചതെന്നും മരുന്നു കഴിച്ചെന്ന് രാഹുല്‍ വിഡിയോ കോളിലൂടെ ഉറപ്പ് വരുത്തിയെന്നും യുവതി പറയുന്നു. പീഡനത്തിനുശേഷം നഗ്‌നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയെന്ന വിവരവും എഫ്.ഐ.ആറില്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
എഫ്. ഐ. ആറില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഉടന്‍ തന്നെ അറസ്റ്റുണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അറസ്റ്റ് ഭയന്ന് രാജ്യം വിടുന്നത് തടയാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്. നിലവില്‍ രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് അശാസ്ത്രീയമായ രീതിയില്‍ ഗുളിക നല്‍കി ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നാണ് അതിജീവിതയുടെ പരാതിയില്‍ പറയുന്നത്. ബിഎന്‍എസ് 115 പ്രകാരം മനഃപൂര്‍വമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പും ഭീഷണിപ്പെടുത്തി സമ്മര്‍ദത്തിലാക്കുന്നതിന് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ബിഎന്‍എസ് 351 വകുപ്പും ചുമത്തിയിട്ടുണ്ട്. ചാറ്റുകളും ഡിജിറ്റല്‍ തെളിവുകളും ഉള്ളതിനാല്‍ ഐടി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയുടെ ഡിജിറ്റല്‍ കാര്യങ്ങള്‍ വഞ്ചനാപരമായി ഉപയോഗിക്കുന്നതിന് എതിരെയുള്ള ഐടി നിയമത്തിലെ 66 സി വകുപ്പു പ്രകാരം മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴിയും ലഭിക്കും.
ബി.എന്‍.എസ് 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പും ചുമത്തിയിരിക്കുന്നു. ബി.എന്‍.എസ് 64 പ്രകാരം ബലാത്സംഗത്തിന് കുറഞ്ഞത് പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. വാറന്റ് കൂടാതെ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിയും. സ്ത്രീയുടെ അനുമതിയില്ലാതെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുന്നതിന് എതിരെയുളളതാണ് ബി.എന്‍.എസ് 89-ാം വകുപ്പ്. ഇതിനും 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവുശിക്ഷ.