ഒരു മാസത്തെ ഓണ്‍ലൈന്‍ പ്രണയത്തിനൊടുവില്‍ ആദ്യ കൂടിക്കാഴ്ച; യുവാവിന്റെ പുത്തന്‍ സ്‌കൂട്ടര്‍ അടിച്ചുമാറ്റി കാമുകി സ്ഥലം വിട്ടു

വാട്‌സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ നിന്നാണ് ഇരുവരുടേയും പ്രണയം തുടങ്ങുന്നത്;

Update: 2025-11-11 10:33 GMT

കൊച്ചി: ഒരു മാസത്തെ ഓണ്‍ലൈന്‍ പ്രണയത്തിനൊടുവില്‍ ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന് നഷ്ടമായത് പുത്തന്‍ സ്‌കൂട്ടര്‍. ഇതുസംബന്ധിച്ച് പരാതി നല്‍കിയ യുവാവിന് പൊലീസ് അന്വേഷണം നടന്നപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. മൂന്ന് മാസം മുമ്പ് കൊച്ചിയിലാണ് സംഭവം നടന്നത്.

സംഭവം ഇങ്ങനെ:

ഒരുമാസത്തെ ഓണ്‍ലൈന്‍ പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയതായിരുന്നു 24കാരനായ കൈപ്പട്ടൂര്‍ സ്വദേശി. മൂന്ന് മാസം മുന്‍പ് വാങ്ങിയ പുത്തന്‍ സ്‌കൂട്ടറിലാണ് എത്തിയത്. വാട്‌സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ നിന്നാണ് ഇരുവരുടേയും പ്രണയം തുടങ്ങുന്നത്. ഒരുമാസമായി ബന്ധം തുടങ്ങിയിട്ടുണ്ടെങ്കിലും ഇരുവരും നേരിട്ടോ ഫോട്ടോയിലോ കണ്ടിരുന്നില്ല. അങ്ങനെ നേരില്‍ കാണാന്‍ ഇരുവരും തീരുമാനിച്ചു.

കൂടിക്കാഴ്ചയ്ക്ക് ഒട്ടും കുറച്ചില്‍ വേണ്ടെന്ന് കരുതി കൊച്ചി മാള്‍ തന്നെ തിരഞ്ഞെടുത്തു. അങ്ങനെ വെള്ളിയാഴ്ച കമിതാക്കള്‍ ഇരുവരും മാളിലെത്തി. നേരില്‍ കണ്ടപ്പോഴാണ് യുവാവിന് ഒരു കാര്യം മനസിലാകുന്നത്. കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന്. ഇക്കാര്യം യുവാവ് കാമുകിയെ അറിയിച്ചപ്പോള്‍ ഒരേ പ്രായമാണെന്ന് പറഞ്ഞ് യുവതി വിശ്വസിപ്പിക്കുകയും ചെയ്തു. കാമുകിയെ സന്തോഷിപ്പിക്കാന്‍ മാളിലെ ഫുഡ് കോര്‍ട്ടില്‍ കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങി കഴിച്ചു. യുവാവ് തന്നെയാണ് ബില്‍ തുക നല്‍കിയതും. യുവാവ് ഫുഡ് അടിച്ച് കൈകഴുകാന്‍ പോയ സമയം താക്കോലെടുത്ത് യുവതി സ്‌കൂട്ടറുമായി സ്ഥലം വിട്ടു.

കൈ കഴുകി തിരിച്ചെത്തിയപ്പോള്‍ കാമുകിയെ കാണാത്തതിനാല്‍ യുവാവ് എല്ലായിടത്തും അന്വേഷിച്ചു. കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴാണ് തന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ കാണുന്നില്ലെന്ന വിവരം യുവാവ് തിരിച്ചറിയുന്നത്. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ അവിടെയില്ല. ഒടുവില്‍ ബസില്‍ വീട്ടിലെത്തിയ യുവാവ് തനിക്ക് പറ്റിയ അമളി വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കാന്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതി സ്‌കൂട്ടറുമായി കടന്നുകളയുന്നത് കാണുന്നത്.

Similar News