മുഖ്യമന്ത്രിയുമായി സംവാദം: ജില്ലയുടെ സകല മേഖലകളെയും സ്പര്‍ശിച്ച് ചോദ്യങ്ങള്‍; എല്ലാത്തിനും മറുപടിയുമായി പിണറായി വിജയന്‍
തളങ്കര വരെയുള്ള ഭാഗം ടൂറിസം മേഖലയാക്കുന്ന കാര്യം പരിശോധിക്കും;
കാഞ്ഞങ്ങാട്: സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി നടത്തിയ സംവാദത്തില്‍ 22 ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.
1. അസിഫ് ഇഖ് ബാല്‍: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? നാല് വര്‍ഷ ബിരുദ കോഴ്സ് ഫലപ്രദമാണോ?
= മുഖ്യമന്ത്രി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ട്. എന്ന് കരുതി മതിയെന്ന ഭാവമില്ല. ഉന്നത സര്‍വകലാശാലകള്‍ പലതും എ ഗ്രേഡ് നേട്ടം കൊയ്തു. ഇന്ത്യയിലെ ആദ്യത്തെ 12 സര്‍വകലാശാലകളില്‍ മൂന്നെണ്ണം നമ്മുടേതാണ്.
കേരളാ സര്‍വകലാശാലയും കൊച്ചിന്‍ സര്‍വകലാശാലയും എം.ജി യൂണിവേഴ്സിറ്റിയും. രാജ്യത്തെ 100 മികച്ച കോളേജുകള്‍ എടുത്താല്‍ അതില്‍ 16 കോളേജുകളും കേരളത്തിലാണ്. 4 വര്‍ഷ ബിരുദ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാവാം. അവ പരിഹരിക്കും.
2. ഡോ. ശശികുമാര്‍ സി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. ജല ചൂഷണം വലിയ തോതില്‍ തുടര്‍ന്ന് വരുന്നു. തുരങ്കങ്ങളും കാട്ടില്‍ നിന്നടക്കം വരുന്ന ഉറവകളും മഴവെള്ള സംഭരണികളും പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ വേണം
= മുഖ്യമന്ത്രി: ഇതൊരു പൊതു പ്രശ്നമാണ്. ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ മഴവെള്ള സംഭരണികള്‍ വേണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. അത് മാത്രം പോരാ. ഇതിനൊക്കെ നിങ്ങളും ഇറങ്ങണം. ജലസംരക്ഷണം നാട്ടുകാരും ഏറ്റെടുക്കണം. ചിലയിടങ്ങളില്‍ നാട്ടുകാര്‍ നദി സംരക്ഷിച്ച വാര്‍ത്തകളൊക്കെ കാണുന്നില്ലേ. വായിച്ചാല്‍ മാത്രം പോരാ. നല്ല കാര്യങ്ങള്‍ മാതൃകയാക്കണം.
3. എ.കെ ശ്യാംപ്രസാദ്: കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന ബി.ആര്‍.ഡി.സിയുടെ പ്രവര്‍ത്തനം ജില്ലയുടെ വടക്കേ അറ്റത്തേക്കും, പറ്റുമെങ്കില്‍ ജില്ല മുഴുക്കെയും വ്യാപിപ്പിക്കാനുള്ള നടപടി ഉണ്ടാകുമോ? കാസര്‍കോട് നഗരസഭയിലെ സി.പി.സി.ആര്‍.ഐ മുതല്‍ തളങ്കര ഹാര്‍ബര്‍ വരെ മനോഹരമായ തീരദേശ പ്രദേശത്തെ ടൂറിസം മേഖലയാക്കി മാറ്റാന്‍ നടപടി സ്വീകരിക്കുമോ?
= മുഖ്യമന്ത്രി: ബി.ആര്‍.ഡി.സിയുടെ പ്രവര്‍ത്തന പരിധി വ്യാപിപ്പിക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ട്. തളങ്കര വരെയുള്ള ഭാഗം ടൂറിസം മേഖലയാക്കുന്ന കാര്യം പരിശോധിക്കും.
4. സജിന ഉബാസ്: എല്ലാ ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്കും പി.എസ്.സിയില്‍ സംവരണം നല്‍കുമോ? ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കുമോ?
= മുഖ്യമന്ത്രി: ട്രാന്‍സ് ജെന്‍ഡര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്.
5. കുഞ്ഞികൃഷ്ണന്‍: വയോജന പദ്ധതി മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധികളില്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് ഗ്രാമപഞ്ചായത്തുകളില്‍ കൂടി നടപ്പിലാക്കുമോ?
= മുഖ്യമന്ത്രി: വയോജന കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
6. ഡോ. വനജ എം: മലബാര്‍ കാര്‍ഷിക സര്‍വകലാശാല പ്രതീക്ഷിക്കാമോ?
= മുഖ്യമന്ത്രി: മറ്റൊരു കാര്‍ഷിക സര്‍വകലാശാല ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. തല്‍ക്കാലം അതൊരു ആശയമായി അവിടെ ഇരിക്കട്ടെ.
7. ശരണ്യ: സംരംഭകരെ വളര്‍ത്താന്‍ പ്രത്യേകം പദ്ധതികളുണ്ടോ. പ്ലാസ്റ്റിക് നിരോധനം ഉണ്ടെങ്കിലും മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭ്യമാണ്
= മുഖ്യമന്ത്രി: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പിന്തുണ നല്‍കും. നയം താമസിയാതെ പ്രഖ്യാപിക്കും.
8. സി.പി ശുഭ: സ്ത്രീകള്‍ക്ക് സമകാലീന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സിനിമകള്‍ കാണാനും വായനക്കും മറ്റുമായി ഇടങ്ങളുണ്ടാകുമോ?
= മുഖ്യമന്ത്രി: സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കും.
(തുടരും)