പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു

കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഞരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.;

Update: 2025-05-05 03:53 GMT

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. പത്തനാപുരം സ്വദേശിയായ നിയ ഫൈസല്‍ ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഞരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്സിന്‍ എടുത്തിരുന്നു.പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് നിയ.

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിച്ചു. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കേണ്ടെന്നാണ് തീരുമാനം. പൊതുദര്‍ശനവുമുണ്ടാകില്ല. കുട്ടിയുടെ അമ്മയ്ക്ക് ക്വാറന്റൈന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുനലൂര്‍ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലാകും ഖബറക്കം.

Similar News