താരം വരുന്നു; വരവേല്‍ക്കാനൊരുങ്ങി ജന്മനാട്

By :  Sub Editor
Update: 2025-03-10 09:37 GMT

കാസര്‍കോട്: ചാമ്പ്യന്‍ പട്ടം ഒരു കൈ അകലത്തില്‍ വഴുതിയെങ്കിലും രഞ്ജി ക്രിക്കറ്റിലെ അസാമാന്യയമായ മികവിന്റെ നേട്ടവുമായി ജേതാവിനെ പോലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ന് ജന്മനാട്ടില്‍. ഉച്ചയോടെ കാസര്‍കോട്ടെത്തുന്ന മുഹമ്മദ് അസ്ഹറുദ്ദീന് വരവേല്‍പ്പ് നല്‍കാനൊരുങ്ങുകയാണ് താരത്തെ വളര്‍ത്തിയെടുത്ത ജന്മനാട്ടിലെ ക്ലബ്ബായ ടി.സി.സി തളങ്കരയും ക്രിക്കറ്റ് പ്രേമികളും. തളങ്കര പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം.

രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളാ ടീമിന്റെ ജൈത്രയാത്രയ്ക്ക് പിന്നിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. കേരളത്തിന്റെ ടോപ്പ് സ്‌ക്കോറര്‍ കൂടിയാണ്. 635 റണ്‍സാണ് അസ്ഹറുദ്ദീന്‍ നേടിയത്. ചില മത്സരങ്ങളില്‍ വിജയഘടകമായി തീര്‍ന്നതടക്കമുള്ള ഉജ്ജ്വലമായ ക്യാച്ചും അസ്ഹറുദ്ദീന്റെ സംഭാവനയായി ഉണ്ടായിരുന്നു.

ടീമിനൊപ്പം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അസ്ഹറുദ്ദീന്‍ കേരളത്തില്‍ തിരിച്ചെത്തിയിരുന്നു.

ട്രെയിനറുടെ വിവാഹവും കാല് വിരലിനുണ്ടായ നേരിയ പരിക്കിനുള്ള ചികിത്സയും പൂര്‍ത്തിയാക്കി ഇന്നലെ കണ്ണൂരിലെത്തിയ അസ്ഹറുദ്ദീന്‍ സഹതാരവും മികച്ച ബാറ്റ്‌സ്മാനുമായ സല്‍മാന്‍ നിസാറിന്റെ വീട്ടിലാണ് തങ്ങിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചെന്ന് അവിടെ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഭാര്യ ഡോ. ആയിഷയെ ഒപ്പം കൂട്ടിയാണ് അസ്ഹറുദ്ദീന്‍ ജന്മനാട്ടിലേക്ക് പുറപ്പെടുക.


Similar News