കോണ്‍ഗ്രസ് നേതാവിനൊപ്പം സെല്‍ഫി; എന്‍മകജെ പഞ്ചായത്ത് അംഗത്തെ സസ്‌പെണ്ട് ചെയ്ത് ബി.ജെ.പി

By :  Sub Editor
Update: 2025-03-04 10:17 GMT

പെര്‍ള: തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് എന്‍മകജെ പഞ്ചായത്ത് അംഗത്തെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജില്ലാ കമ്മിറ്റി സസ്‌പെണ്ട് ചെയ്തു. ബി.ജെ.പി സായ വാര്‍ഡ് അംഗമായ മഹേഷ് ഭട്ടിനെയാണ് സസ്‌പെണ്ട് ചെയ്തത്. നേരത്തെയും മഹേഷ് ഭട്ട് അച്ചടക്ക നടപടി നേരിട്ടിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളോട് സഹകരിക്കുകയും പാര്‍ട്ടിയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങളോട് പങ്കുവെക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി രേഖാമൂലം വിവരം ലഭിച്ചിട്ടില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും മഹേഷ് ഭട്ട് പറഞ്ഞു. സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കപ്പെട്ടാല്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ച് മഹേഷ് ഭട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

ഏതാനും ദിവസം മുമ്പ് മഹേഷ് ഭട്ട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും എന്‍മകജെ പഞ്ചായത്ത് അംഗവുമായ ജെ.എസ്. രാധാകൃഷ്ണ നായക്കിനൊപ്പമുള്ള സെല്‍ഫി ഫോട്ടോ പ്രചരിച്ചിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും മഹേഷ് ഭട്ട് മറുപടി നല്‍കിയില്ലത്രെ. അതേസമയം 'നാലുവര്‍ഷത്തെ വിജയകരമായ ഓപ്പറേഷന്‍. ഓപ്പറേഷന്‍ ഹസ്ത ഇപ്പോഴും തുടരുന്നു. ഞങ്ങള്‍ എട്ടല്ല, ഒമ്പതാണ്' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ രാധാകൃഷ്ണ നായക്ക് പങ്കുവെച്ചത്. ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവന ഇറക്കാന്‍ മഹേഷ് ഭട്ടിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും അദ്ദേഹം തയ്യാറായില്ലെന്നും പറയുന്നു.

Similar News