വിടവാങ്ങിയത് പോരാട്ട വീര്യം നിറഞ്ഞ, തലയെടുപ്പുള്ള ക്യാപ്റ്റന്‍
ക്യാപ്റ്റന്‍ കെ.എം.കെ. നമ്പ്യാരെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആദരിക്കുന്നു
കാസര്‍കോട്: ഇരുഭാഗങ്ങളിലേക്കും പിരിച്ചുവെച്ച മീശയും തലയെടുപ്പുള്ള മുഖവും പോരാട്ട വീര്യത്തിന്റെ നിറമുള്ള ഓര്‍മ്മകളുമായി ജീവിച്ച ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാരുടെ അടയാളമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടെ സമരതീക്ഷ്ണമായ കാലത്തിനൊപ്പം കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും നടന്നു തുടങ്ങുകയായിരുന്നു. 1955ലെ സ്വാതന്ത്ര്യദിനത്തില്‍ ഗോവ വിമോചനമാവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹത്തില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. നീഗ്രോ പട്ടാളത്തിന്റെ ക്രൂരമര്‍ദ്ദനവും 90 ദിവസത്തെ ജയില്‍വാസവും അനുഭവിക്കുമ്പോഴും കൗമാരക്കാരന്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കാസര്‍കോട് കടപ്പുറം യു.പി. സ്‌കൂളില്‍ ഗാന്ധിത്തൊപ്പിയും ഖദര്‍ ഷര്‍ട്ടും ധരിച്ച് അദ്ദേഹം റാലിയില്‍ പങ്കെടുത്തിരുന്നു. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന രാജ്യസ്നേഹമാണ് പട്ടാളത്തിലേക്ക് നയിച്ചത്. സെക്കന്തരാബാദിലെ പരിശീലനത്തിന് ശേഷം നാഗാലാന്റ്, ബംഗളൂരു, വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശം, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയിടങ്ങളില്‍ രാജ്യത്തിന് കാവല്‍ നിന്നു. 28 വര്‍ഷങ്ങള്‍ നീണ്ട സേവനത്തിന് ശേഷം ഓണററി ക്യാപ്റ്റനായി വിരമിക്കുകയായിരുന്നു.
നേതാജി സുഭാഷ്ചന്ദ്ര ബോസിനോടുള്ള അടങ്ങാത്ത ആവേശമായിരുന്നു കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ സ്വാധീനിച്ചത്. നേതാജിയുടെ നിശ്ചയദാര്‍ഢ്യവും പട്ടാളക്കാരന്റെ കാര്‍ക്കശ്യവും അദ്ദേഹവും മാതൃകയാക്കി. തലശ്ശേരി പാട്യത്തിന് സമീപം കോങ്ങാറ്റയിലായിരുന്നു ജനനം. പ്രവര്‍ത്തന മേഖല പൂര്‍ണ്ണമായും കാസര്‍കോട്ടായിരുന്നു. മദ്യവിരുദ്ധ സമിതിയിലും കാന്‍ഫെഡിലും പീപ്പിള്‍സ് ഫോറത്തിലുമൊക്കെ സജീവമായിരുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫന്‍മേഷന്‍ ഓഫീസും ജില്ല ഭരണകൂടവും ചേര്‍ന്ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.